നാഗർകോവിൽ: മാനസിക വളർച്ചയെത്താത്ത ഏഴുവയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ ശേഷം ദമ്പതികളെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നാഗർകോവിൽ തക്കലയ്ക്ക് സമീപം മണലിക്കര കണ്ടാർകോണത്തിൽ മുരളീധരൻ (40), ഭാര്യ ഷൈലജ (35), മകൻ ജീവ (7) എന്നിവരാണ് മരിച്ചത്.
ബംഗളൂരുവിൽ ഐ.ടി മേഖലയിൽ ജോലിയായിരുന്ന മുരളീധരൻ കോവിഡ് കാലത്താണ് തന്‍റെ കുടുംബത്തെയും കൂട്ടി നാട്ടിലെത്തി താമസം തുടങ്ങിയത്. ബംഗളൂരുവിൽ വച്ച് ജനിച്ച മകൻ വളർന്നു വരുന്നതിനിടയിലാണ് അസുഖം ബാധിച്ച വിവരം ഇവർ അറിയുന്നത്. നിരവധി ചികിത്സ നൽകിയെങ്കിലും ഒരു മാറ്റവും ഉണ്ടാകാത്തതിനെ തുടർന്ന് ഇരുവരും മാനസികമായി തളർന്നിരുന്നു. ഇവർ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നുവെന്നാണ് സംഭവസ്ഥലത്ത് നിന്ന് പ്രാഥമികമായി ലഭിക്കുന്ന വിവരമെന്ന് പൊലീസ് പറഞ്ഞു.
മൂന്ന് ആഴ്ചകൾക്ക് മുമ്പ് പുതിയതായി പണിത വീട്ടിലേക്ക് ഇവർ താമസം മാറിയിരുന്നു. ദിവസവും ഭാര്യാപിതാവ് ഗോപാലൻ പാലുമായി രാവിലെ വരിക പതിവാണ്. ശനിയാഴ്ച രാവിലെ കുഞ്ഞിന് പാലും ബ്രഡ്ഡുമായി ഗോപാലൻ എത്തിയെങ്കിലും വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് സാധനങ്ങൾ ഗേറ്റിൽ വച്ചിട്ട് മടങ്ങി. വൈകുന്നേരം വീണ്ടും വന്നപ്പോൾ സാധനങ്ങൾ വെച്ച സ്ഥലത്ത് ഇരിക്കുന്നതു കണ്ട് നാട്ടുകാരെ കൂട്ടി വാതിൽ പൊളിച്ച് വീട്ടിനുള്ളിൽ കടന്നപ്പോഴാണ് പേരക്കിടാവ് കട്ടിലിലും മകളും ഭർത്താവും ഓരോ മുറിയിലും തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
തക്കല പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് ഡി.എസ്. പി ഉദയസൂര്യനും സംഘവും സ്ഥലത്തെത്തി മൃതദേഹങ്ങൾ ആശാരിപള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. മുരളീധരൻ എഴുതിയ ഒരു കത്ത് പൊലീസിന് ലഭിച്ചു. അതിൽ നിന്നാണ് കുഞ്ഞിന്‍റെ അസുഖം കാരണം രക്ഷിതാക്കൾ മാനസിക പ്രയാസം അനുഭവിച്ചു വന്നത് അറിയാൻ കഴിഞ്ഞത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ് ലൈൻ നമ്പർ 1056)