അഗ്നിപര്‍വ്വതമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയം തോന്നുന്നവരാകും നമ്മളില്‍ പലരും. എന്നാല്‍, ഇന്ന് സജീവമായ അഗ്നിപര്‍വ്വതങ്ങള്‍ പലതും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. അഗ്നിപര്‍വ്വതത്തിന് സമീപത്ത് നിന്ന് ബ്രഡ്ഡും കുക്കീസും ഉണ്ടാക്കി കഴിക്കുന്ന വീഡിയോ ഇതിന് മുമ്പ് നമ്മള്‍ കണ്ടിട്ടിണ്ട്. എന്നാല്‍, അഗ്നിപര്‍വ്വതത്തിന് മുകളിലൂടെ നടന്ന് രണ്ട് പേര്‍ ലോക റെക്കാര്‍ഡ് നേടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും തരംഗമാവുകയാണ്. അതും സജീവമായ അഗ്നിപര്‍വ്വതത്തിന് മുകളില്‍ ഉയര്‍ത്തിക്കെട്ടിയ കയറിലൂടെയാണ് ഇരുവരും നടന്ന് തങ്ങളുടെ റെക്കാര്‍ഡ് സ്വന്തമാക്കിയത്.
അഗ്നിപർവ്വതത്തിന് മുകളിലൂടെയുള്ള ഏറ്റവും ദൈർഘ്യമേറിയ സ്ലാക്ക്‌ലൈൻ നടത്തം പൂർത്തിയാക്കിയ, റാഫേൽ സുഗ്നോ ബ്രിഡിയും അലക്സാണ്ടർ ഷൂൾസുമാണ് റെക്കാര്‍ഡ് സ്വന്തമാക്കിയത്. തെക്കുപടിഞ്ഞാറൻ പസഫിക് സമുദ്രത്തിലെ ടന്ന ദ്വീപിലെ യാസുർ അഗ്നിപർവ്വതത്തിന് മുകളിലൂടെയാണ് ഇരുവരും നടന്നത്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് അനുസരിച്ച്, വാനുവാട്ടുവിലെ യസൂർ പർവതത്തിന്‍റെ ഗർത്തത്തിന് മുകളിൽ 42 മീറ്റർ (137 അടി) ഉയരത്തിലാണ് ഇരുവരും നടന്നത്. അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് ഉയരുന്ന കനത്ത പുകയ്‌ക്കിടയിൽ ശ്വസിക്കാൻ കഴിക്കുന്നത് ബുദ്ധിമുട്ടായതിനാല്‍ ഇരുവരും ഹെൽമറ്റും ഗ്യാസ് മാസ്‌കും ധരിച്ചാണ് സ്ലാക്ക്‌ലൈന്‍ പൂര്‍ത്തിയാക്കിയത്.