കഴിഞ്ഞ ദിവസം ആയിരുന്നു നടൻ സൂര്യയുടെ പിറന്നാൾ. പ്രിയതാരത്തിന്റെ പിറന്നാൾ ആഘോഷങ്ങൾ ദിവസങ്ങൾക്ക് മുൻപ് തന്നെ ആരാധകർ തുടങ്ങിയിരുന്നു. ഈ ആഘോഷങ്ങൾക്കിടെ രണ്ട് യുവാക്കൾ മരിച്ചുവെന്ന വാർത്തകളാണ് ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിൽ നിന്നും പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം സൂര്യയുടെ ഫ്ലെക്സ് സ്ഥാപിക്കുന്നതിനിടെ ഇവർക്ക് ഷോക്കേൽക്കുക ആയിരുന്നു. എൻ.വെങ്കടേഷ്, പി.സായി എന്നിവരാണ് മരിച്ചത്. പൽനാട് ജില്ലയിലെ നരസാരപ്പേട്ടിൽ ആണ് സംഭവം. ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥികളായ വെങ്കടേഷും സായിയും ഫ്ലെക്സ് വയ്ക്കാൻ തീരുമാനിക്കുക ആയിരുന്നു. ഫ്ലെക്സ് ഉയര്‍ത്തുന്നതിനിടെ ഇരുമ്പുകമ്പി വൈദ്യുത കമ്പിയിൽത്തട്ടി. ഇതോടെ താഴെ നിന്ന രണ്ടുപേര്‍ക്ക് ഷോക്കേല്‍ക്കുക ആയിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സംഭവ സ്ഥലത്ത് വച്ചുതന്നെ ഇരുവരും മരിച്ചു.