ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗ്യാൻവാപി പള്ളിയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) നടത്തുന്ന സർവേ ബുധനാഴ്ച വൈകീട്ട് വരെ തടഞ്ഞ് സുപ്രീംകോടതി. സർവേ നടത്താനുള്ള വാരാണസി ജില്ല കോടതിയുടെ ഉത്തരവിനെതിരെ അലഹബാദ് ഹൈകോടതിയെ സമീപിക്കാൻ മസ്ജിദ് മാനേജ്‌മെന്‍റ് കമ്മിറ്റിയോട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. സമയപരിധിക്കുള്ളിൽ തന്നെ ഹരജി പരിഗണിക്കാൻ അലഹബാദ് ഹൈകോടതിക്കും നിർദേശം നൽകി.
വിഷയത്തിന്‍റെ ന്യായാന്യായങ്ങളിലേക്ക് കടക്കുന്നില്ലെന്നും, വാരാണസി ജില്ല കോടതിയുടെ വിധി വെള്ളിയാഴ്ച വൈകീട്ട് വന്നതിനാൽ ഹരജിക്കാർക്ക് ഹൈകോടതിയെ സമീപിക്കാനുള്ള സമയം നൽകുക മാത്രമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംഘം സർവേക്കായി രാവിലെ ഏഴു മണിയോടെ തന്നെ ഉപകരണങ്ങളുമായി പള്ളിയിൽ എത്തിയിരുന്നു. സർവേയുടെ സാഹചര്യത്തിൽ പള്ളിയിൽ ശക്തമായ പൊലീസ് സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തു.
കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള പള്ളി നിർമിച്ചത് ക്ഷേത്രത്തിനു മുകളിലാണോ എന്ന കാര്യത്തിൽ തീർച്ച വരുത്താൻ ആവശ്യമെങ്കിൽ ഖനനവും നടത്താമെന്ന് വാരാണസി കോടതി പറഞ്ഞിരുന്നു. സർവേ നടപടികളുടെ ഫോട്ടോകളും വിഡിയോ ദൃശ്യങ്ങളും ഉൾപ്പെടുത്തി ആഗസ്റ്റ് നാലിനകം എ.എസ്.ഐ റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു ജസ്റ്റിസ് എ.കെ. വിശ്വേശിന്‍റെ നിർദേശം.
പള്ളിയുടെ മൂന്ന് മിനാരങ്ങൾക്ക് താഴെ ഭൂമിക്കടിയിലുള്ള സംഗതികൾ വ്യക്തമാകാൻ ഉപകരിക്കുന്ന ‘ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ’ (ജി.പി.ആർ) സർവേ നടത്താനും കോടതിയുടെ പ്രത്യേക നിർദേശമുണ്ട്. അതേസമയം, വിഷയത്തിൽ നേരത്തേയുള്ള സുപ്രീംകോടതി ഉത്തരവ് പരിഗണിച്ച്, ഹിന്ദു വിഭാഗത്തിലെ പരാതിക്കാർ ശിവലിംഗമുണ്ടെന്ന് പറയുന്ന ‘വുദുഖാന’യിൽ സർവേ ഉണ്ടാകില്ല.
മുഗൾ കാലഘട്ടത്തിലെ പള്ളി നിർമിച്ചത് ക്ഷേത്രഭൂമിയിലാണോ എന്നകാര്യം അറിയാൻ പരിശോധന വേണമെന്നായിരുന്നു ഹിന്ദു വിഭാഗത്തിന്റെ ആവശ്യം. കേസിൽ അടുത്ത വാദം ആഗസ്റ്റ് നാലിനാണ്.
ഗ്യാൻവാപി മസ്ജിദ് പരിസരത്തു നിന്ന് കണ്ടെത്തിയ ശിവലിംഗമെന്ന് അവകാശപ്പെടുന്ന വസ്തു ശാസ്ത്രീയ പരിശോധനക്കു വിധേയമാക്കാൻ നേരത്തേ എ.എസ്.ഐക്ക് അലഹബാദ് ഹൈകോടതി നിർദേശം നൽകിയിരുന്നു. ശാസ്ത്രീയ പരിശോധന ആവശ്യപ്പെട്ട് നേരത്തേ നാലു വനിതകൾ നൽകിയ ഹരജി വാരാണസി കോടതി തള്ളിയതിനെതിരായ അപ്പീൽ പരിഗണിച്ചായിരുന്നു ഈ ഉത്തരവ്.
ശിവലിംഗമെന്ന് അവകാശപ്പെടുന്നത് നമസ്കാരത്തിന് അംഗശുദ്ധി വരുത്തുന്ന വുദുഖാനയിലെ ജലധാരയുടെ ഭാഗമാണെന്ന് ഗ്യാൻവാപി പള്ളി നടത്തിപ്പുകാരായ അഞ്ജുമൻ മസ്ജിദ് കമ്മിറ്റി പറയുന്നു. എന്നാൽ, ഇത് ശിവലിംഗമാണെന്ന് ഉറപ്പാക്കാൻ കാർബൺ പരിശോധന, ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാർ (ജി.പി.ആർ), ഖനനം എന്നിവ നടത്തണമെന്നുമായിരുന്നു പരാതിക്കാരുടെ ആവശ്യം. ഇത് അംഗീകരിച്ചായിരുന്നു ജസ്റ്റിസ് അരവിന്ദ് കുമാർ മിശ്ര ഉൾപ്പെട്ട ബെഞ്ചിന്റെ നിർദേശം. പരിശോധനക്കിടെ കേടുപാടുകൾ വരുത്തരുതെന്ന് ഉത്തരവിൽ എടുത്തുപറഞ്ഞിരുന്നു.