തിരുവനന്തപുരം∙ കോവിഡ് സമയത്തും അതിനുശേഷവും കൊടുത്തതുപോലെ ഓണത്തിന് ഭക്ഷ്യക്കിറ്റ് നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഇത്തവണ ഓണക്കിറ്റ് കൊടുക്കും. ആർക്കൊക്കെയാണ് എന്നതു സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ല. എല്ലാ വിഭാഗങ്ങളിലും ഉള്ളവർക്ക് കിറ്റ് ഉണ്ടാകില്ല. എല്ലാവർക്കും ഓണക്കിറ്റ് കൊടുക്കുക എന്നത് മുൻപും ഉള്ള രീതിയല്ല. ഓണക്കാലം നന്നായി മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് സർക്കാർ. .ഓണക്കാലത്ത് ചെലവുകൾക്കായി കടമെടുക്കേണ്ടിവരും.
സംസ്ഥാനത്തിന്റെ കടമെടുപ്പിന് പരിധിയുണ്ട്. കൂടുതൽ കടം എടുക്കാനുള്ള അവസരം വേണം. അല്ലെങ്കിൽ കേന്ദ്രം നികുതി വിഹിതം വർധിപ്പിക്കണം. നികുതി വിഹിതം വെട്ടിക്കുറച്ചതിനാൽ സ്പെഷൽ പാക്കേജ് അനുവദിക്കണമെന്ന് ജിഎസ്ടി കൗൺസിലിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രത്തിൽനിന്ന് മുൻപ് സംസ്ഥാനത്തിനു ലഭിച്ചിരുന്ന നികുതി വരുമാനം ലഭിക്കുന്നില്ല. അതു ലഭിച്ചാൽ 20,000 കോടി രൂപ അധികവരുമാനം ഉണ്ടാകും. കടമെടുപ്പ് വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കും. സപ്ലൈകോയ്ക്ക് ഈയാഴ്ച സഹായം നൽകുമെന്ന് മന്ത്രി പറഞ്ഞു. കെഎസ്ആർസിക്ക് കുറച്ചുകൂടി സഹായം നൽകുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്.
കെഎസ്ആർടിസിയിൽ ശമ്പളം രണ്ടു ഘട്ടമായി നൽകാനുള്ള നടപടി സ്വീകരിക്കുന്നുണ്ട്. പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസി സ്വയം ശക്തിപ്പെടുത്തണം. അതുവരെ സഹായം നൽകാനേ സർക്കാരിനു കഴിയൂ. കെഎസ്ആർടിസിക്ക് പുതിയ വാഹനം വാങ്ങിക്കുന്നതിനും കെട്ടിടം ഉണ്ടാക്കുന്നതിനും സർക്കാർ ധനസഹായം നൽകുന്നുണ്ട്. വരുമാനം വർധിപ്പിക്കാനുള്ള ശ്രമം സ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം.
ശമ്പളത്തിനും പെൻഷനുമായി ഒരു മാസം 120 കോടിരൂപയാണ് കെഎസ്ആർടിസിക്കു വേണ്ടത്. സ്ഥിരമായി സാമ്പത്തിക സഹായം കെഎസ്ആർടിസിക്ക് നൽകാമെന്ന് സർക്കാർ പറഞ്ഞിട്ടില്ലെങ്കിലും നൽകി വരുന്നുണ്ട്. എണ്ണവിലക്കയറ്റം, കേന്ദ്രനയങ്ങൾ എന്നിവ കെഎസ്ആർടിസിയെ ബാധിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ നയങ്ങൾ പൊതുമേഖലയെ നശിപ്പിക്കുകയാണ്. സംസ്ഥാന സർക്കാർ പൊതുമേഖലയെ ശക്തിപ്പെടുത്താനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.