കൊച്ചി: ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയുമായി പെയ്ത കനത്ത മഴയിൽ സംസ്ഥാനത്തെമ്പാടും വ്യാപക നാശനഷ്ടം. എറണാകുളത്ത് സർക്കാർ കെട്ടിടവും കണ്ണൂരിലും കുഴൽമന്ദത്തും ചെർപ്പുളശേരിയിലും വീടുകൾ തകർന്നു. ചെർപ്പുളശേരിയിൽ മിന്നൽ ചുഴലിയുണ്ടായി. പലയിടത്തും മരങ്ങൾ കടപുഴകിയിട്ടുണ്ട്.
എറണാകുളം പറവൂരിലെ മുൻ സബ്ട്രഷറി കെട്ടിടമാണ് തകർന്നു വീണത്. ശോച്യാവസ്ഥയിലായ കെട്ടിടത്തിൽ നിന്ന് ട്രഷറിയുടെ പ്രവർത്തനം രണ്ടാഴ്ച്ച മുമ്പ് നായരമ്പലത്തേക്ക് മാറ്റിയിരുന്നു. കണ്ണൂർ ചക്കരക്കല്ലിൽ മഴയിൽ വീട് തകർന്നു. കമ്യൂണിറ്റി ഹാളിന് സമീപം എ അജിതയുടെ വീടാണ് തകർന്നത്. അജിതയും കുംടുബവും രാത്രി സഹോദരന്റെ വീട്ടിലായിരുന്നു താമസിച്ചത്. അതിനാൽ ദുരന്തം ഒഴിവായി.
കുഴൽമന്ദത്ത് ഇന്നലെ ഉണ്ടായ കനത്ത കാറ്റിലും മഴയിലും വലിയ മരം കടപുഴകി വീണ് വീട് തകർന്നു. വെൽഡിംങ് തൊഴിലാളിയായ മോഹനന്റെ വീടാണ് തകർന്നത്. രാത്രിയിൽ മരം കടപുഴകി വീഴുന്ന ശബ്ദം കേട്ട് കുടുംബത്തിലുളള നാലുപേരും പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. മോഹനന്റെ മൂത്തമകന് ഓട് വീണ് പരിക്കേറ്റിട്ടുണ്ട്. ചെർപ്പുളശ്ശേരി ചളവറ പാലാട്ടു പടിയിലാണ് മിന്നൽ ചുഴലി ഉണ്ടായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. നിരവധി മരങ്ങളും വൈദ്യുത പോസ്റ്റുകളും പൊട്ടിവീണു. 14 വീടുകൾ ഭാഗികമായി തകർന്നു. പ്രദേശത്തെ വൈദ്യുതി ബന്ധം തടസപ്പെട്ടു. കൊച്ചി ഇടപള്ളി എളമക്കര ഭാഗത്ത് റോഡിലേക്ക് മരം വീണു. മരത്തിനു തൊട്ട് താഴെ ഉണ്ടായിരുന്ന മൂന്ന് പേർ അത്ഭുതകരമായി രക്ഷപെട്ടു.