മലപ്പുറം> ആരോപണങ്ങളും ആശങ്കകളും ഇനിയില്ല. എസ്എസ്എൽസി പരീക്ഷ വിജയിച്ചവർക്ക് അരികിൽതന്നെ ഉപരിപഠനം സാധ്യമാക്കി സർക്കാർ മലപ്പുറം ജില്ലയിൽ കൂടുതൽ സീറ്റ് ഒരുക്കുന്നു. 53 താൽകാലിക ബാച്ചുകളാണ് ജില്ലയിൽ അനുവദിച്ചത്. സംസ്ഥാനത്തുതന്നെ കൂടുതൽ ബാച്ചുകൾ അനുവദിച്ചതും മലപ്പുറത്താണ്. ആകെ അനുവദിച്ച 97 ൽ 53ഉം മലപ്പുറത്തിനാണ്.ജില്ലയിലെ വിവിധ താലൂക്കുകളിലായി 27 സർക്കാർ സ്‌കൂളുകളിലും 26 എയ്‌ഡഡ് (മൈനോരിറ്റി/ജനറൽ) സ്‌കൂളിലുമായി 53 ബാച്ചുകളാണ് അനുവദിച്ചത്. സയൻസ്– 4, കൊമേഴ്‌സ്– 17, ഹ്യുമാനിറ്റീസ്– 32 എന്നിങ്ങനെയാണ് അനുവദിച്ച കോഴ്‌സുകളുടെ കണക്ക്.
ആദ്യം 14 ബാച്ചുകൾ
ഈ വർഷം ആദ്യം തന്നെ വിവിധ ജില്ലകളിൽ നിന്ന് 14 ബാച്ചുകൾ മലപ്പുത്തേക്ക് മാറ്റി അനുവദിച്ചിരുന്നു. ഇതിൽ 12 സയൻസ് ബാച്ചുകളും 2 ഹ്യുമാനിറ്റീസ് ബാച്ചുകളും ഉൾപ്പെടും. ഈ അധ്യയന വർഷം ജില്ലയിലെ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകൾക്ക് നൽകിയ 30 ശതമാനവും എയ്‌ഡഡ് മേഖലയിലെ 20 ശതമാനവും മാർജിനൽ സീറ്റ് വർധനവിനും പുറമെയാണ് 14 അധിക ബാച്ചുകൾ കൂടി അനുവദിച്ചത്. 2021ൽ 13 ബാച്ചുകളാണ് അനുവദിച്ചത്. സയൻസ്- നാല്, ഹ്യുമാനിറ്റീസ്- ഒമ്പത്.