അല്‍ഐന്‍: മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന മെര്‍സ് വൈറസ് യുഎഇയില്‍ സ്ഥിരീകരിച്ചു. യുഎഇയിലെ അല്‍ഐനില്‍ പ്രവാസി യുവാവിന് മെര്‍സ് (മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം) സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. വൈറസ് ബാധിച്ച 28കാരന്റെ ആരോഗ്യനില ഗുരുതരമല്ല. ഇയാളുമായി സമ്പര്‍ക്കത്തില്‍ വന്ന 108 പേരുടെയും പരിശോധനാഫലം നെഗറ്റീവാണ്. രോഗം സ്ഥിരീകരിച്ച 28കാരനുമായി സമ്പര്‍ക്കം പുലര്‍ത്തിയ 108 പേരുടെയും നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയ ശേഷമാണ് അധികൃതര്‍ ഇക്കാര്യം പുറത്തുവിട്ടത്.
ജൂണ്‍ മൂന്നിനും ഏഴിനും പലതവണകളായി ഛര്‍ദ്ദി, മൂത്രമൊഴിക്കുമ്പോള്‍ വേദന എന്നീ ലക്ഷണങ്ങളുമായി എത്തിയ രോഗിയെ ജൂണ്‍ എട്ടിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച രോഗിക്ക് ജൂണ്‍ 21ന് പിസിആര്‍ ടെസ്റ്റ് നടത്തി. ജൂണ്‍ 23ന് വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗി ഒട്ടകങ്ങളുമായോ മറ്റ് മൃഗങ്ങളുമായോ നേരിട്ട് സമ്പര്‍ക്കത്തില്‍ വന്നിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് യുഎഇയില്‍ മെര്‍സ് വൈറസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.