തിരുവനന്തപുരം : ഹൈപ്പറ്റൈറ്റിസിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രോഗ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ പരിശോധന നടത്തുകയും രോഗസാധ്യത കൂടിയവര്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയും ചെയ്യണം. ഓരോ ദിവസവും കരള്‍ നിശബ്ദമായി നിരവധി സുപ്രധാന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗവും നിശബ്ദമായാണ് പ്രവര്‍ത്തിക്കുന്നത്. ഹെപ്പറ്റൈറ്റിസ് ബാധിതരായ പലരിലും രോഗ ലക്ഷണങ്ങള്‍ പ്രകടമാകാന്‍ ദീര്‍ഘനാള്‍ വേണ്ടിവന്നേക്കാം. ഇത് യഥാസമയം രോഗം തിരിച്ചറിയാതെ പോകുന്നതിന് കാരണമാകുന്നു. പലപ്പോഴും കരള്‍ രോഗങ്ങളോ, അര്‍ബുദമോ ആകുമ്പോഴാണ് പലരും ഹെപ്പറ്റൈറ്റിസ് ബി-യോ, ഹെപ്പറ്റൈറ്റിസ് സി-യോ ഉണ്ടെന്ന് തിരിച്ചറിയുന്നത്. അതിനാല്‍ തന്നെ അവബോധം പ്രധാനമാണെന്നും മന്ത്രി വ്യക്തമാക്കി.
ഹെപ്പറ്റൈറ്റിസ്-എ മുതല്‍ ഇ വരെ പലതരത്തിലുള്ള വൈറസുകള്‍ ഉണ്ടെങ്കിലും ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയ്‌ക്കെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. മിക്കവാറും അണുബാധകള്‍ കണ്ടെത്താതെ പോകുന്നതിനാല്‍ ഓരോ വര്‍ഷവും ഒരു ദശലക്ഷത്തിലധികം മരണങ്ങളും ഓരോ പത്ത് സെക്കന്‍ഡിലും ഒരാള്‍ക്ക് വിട്ടുമാറാത്ത അണുബാധയും ഉണ്ടാകുന്നു. ഹെപ്പറ്റൈറ്റിസ്-ബി യ്ക്ക് തിരഞ്ഞെടുത്ത ആശുപത്രികളില്‍ രോഗസാധ്യത കൂടുതലുള്ള വിഭാഗത്തിലുള്ളവര്‍ക്ക് രോഗനിര്‍ണയം നടത്തി രോഗമില്ല എന്ന് ഉറപ്പുവരുത്തിയതിനുശേഷം പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നു. ആരോഗ്യപ്രവര്‍ത്തകര്‍, പതിവായി ഡയാലിസിസിന് വിധേയമാകുന്നവര്‍, രോഗബാധിതയായ അമ്മയ്ക്ക് പിറക്കുന്ന കുട്ടികള്‍ എന്നിവര്‍ക്ക് തീര്‍ച്ചയായും ഈ കുത്തിവയ്പ്പ് എടുത്തിരിക്കേണ്ടതാണ്. കുഞ്ഞുങ്ങള്‍ക്ക് 6, 10, 14 ആഴ്ചകളില്‍ നല്‍കുന്ന പെന്റാവലന്റ് വാക്‌സിനില്‍ ഹെപ്പറ്റൈറ്റിസ്-ബി വാക്‌സിനും അടങ്ങിയിരിക്കുന്നു.
രോഗബാധിതയായ അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് രോഗം പകരുന്നത് തടയാന്‍ നവജാത ശിശുവിന് ജനനസമയത്തു തന്നെ ഇമ്മുണോഗ്ലോബുലിന്‍ നല്‍കുന്നതിനുള്ള സൗകര്യം പ്രസവം നടക്കുന്ന ആശുപത്രികളില്‍ ലഭ്യമാണ്. ഗര്‍ഭിണികള്‍ക്ക് സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും, പ്രസവ സൗകര്യമുള്ള ആശുപത്രികളിലും ഹെപ്പറ്റൈറ്റിസ് ബി, സി രോഗനിര്‍ണയവും ചികിത്സയും സൗജന്യമായി ലഭ്യമാണ്. തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് മാതൃകാ ചികിത്സാ കേന്ദ്രമാണ്. ഹെപ്പെറ്റൈറ്റിസ് ബി-യ്ക്കും സി-യ്ക്കും ചികിത്സയ്ക്കുള്ള മരുന്നുകള്‍ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ സൗജന്യമായി ലഭ്യമാണ്. നിലവില്‍ സംസ്ഥാനത്ത് 32 ആശുപത്രികളില്‍ ചികിത്സ ലഭ്യമാണ്. ഈ വര്‍ഷം പുതിയതായി 5 ആശുപത്രികളില്‍ കൂടി ചികിത്സ ലഭ്യമാക്കും.
എല്ലാ വര്‍ഷവും ജൂലൈ 28 ആണ് ലോക ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നത്. ‘ഒരു ജീവിതം, ഒരു കരള്‍’ എന്നതാണ് ഈ വര്‍ഷത്തെ ലോക ഹെപ്പറ്റൈറ്റിസ് ദിന സന്ദേശം. ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 31 തിങ്കളാഴ്ച രാവിലെ 10.30ന് ഗവ. ആര്‍ട്‌സ് കോളേജില്‍ വച്ച് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.
ഹെപ്പെറ്റെറ്റിസ് എ, ഇ രോഗങ്ങളെ ചെറുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍
· തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.
· നന്നായി പാചകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക.
· ഭക്ഷണം പാചകം ചെയ്യുന്ന അവസരങ്ങളിലും, വിളമ്പുമ്പോഴും, കഴിക്കുന്ന സമയത്തും കൈകള്‍ ശുചിയാണെന്ന് ഉറപ്പു വരുത്തുക.
· മലമൂത്ര വിസര്‍ജ്ജനത്തിനു ശേഷം, സോപ്പ് ഉപയോഗിച്ച് കൈകള്‍ ശുചിയാക്കുക. ശൗചാലയത്തില്‍ മാത്രം മലമൂത്ര വിസര്‍ജ്ജനം നടത്തുക.
· പാചകത്തൊഴിലാളികള്‍, ഹോട്ടലുകള്‍, തട്ടുകടകള്‍, തുടങ്ങിയ ഇടങ്ങളില്‍ പാചകം ചെയ്യുന്നവരും, വിതരണക്കാരും രോഗ ലക്ഷണമുണ്ടെങ്കില്‍ രോഗബാധയില്ല എന്ന് രക്ത പരിശോധനയിലൂടെ ഉറപ്പു വരുത്തുക.
· ആഘോഷങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയില്‍ വിതരണം ചെയ്യുന്ന പാനീയങ്ങള്‍, ഐസ് എന്നിവ ശുദ്ധജലത്തില്‍ മാത്രം തയ്യാറാക്കുക.
ഹെപ്പെറ്റെറ്റിസ് ബി, സി രോഗങ്ങള്‍ ചെറുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍
· ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ ഹെപ്പറ്റെറ്റിസ് പരിശോധന നടത്തുക.
· കുഞ്ഞുങ്ങള്‍ക്ക് ജനിച്ച ഉടന്‍ തന്നെ പ്രതിരോധ കുത്തിവയ്പു നല്‍കു ക.
· രക്തം സ്വീകരിക്കേണ്ടി വരുമ്പോള്‍ അണുവിമുക്തമാക്കിയ രക്തം, അംഗീകൃത രക്തബാങ്കുകളില്‍ നിന്നു മാത്രം സ്വീകരിക്കുക.
· ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുക.
· ഷേവിംഗ് റേസറുകള്‍, ബ്ലേഡ്, ടൂത്ത് ബ്രഷ് എന്നിവ പങ്കു വയ്ക്കാതിരിക്കുക.
· കാത്, മൂക്ക് കുത്തുവാനും പച്ച കുത്തുവാനും ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ അണുവിമുക്തമാക്കിയതാണെന്ന് ഉറപ്പു വരുത്തുക.
· രോഗം പിടിപെടാന്‍ ഇടയുള്ള ഏതെങ്കിലും സാഹചര്യത്തില്‍പ്പെട്ടാല്‍ രക്ത പരിശോധന നടത്തി രോഗബാധ തിരിച്ചറിഞ്ഞ് ചികിത്സ തേടുക.
· സിറിഞ്ചും സൂചിയും വീണ്ടും ഉപയോഗിക്കുകയോ, മറ്റൊരാള്‍ ഉപയോഗിക്കുകയോ ചെയ്യരുത്