മുംബൈ: സോഷ്യല്‍ മീഡിയയില്‍ സജീവമായ വ്യക്തിയാണ് അമിതാഭ് ബച്ചന്‍. തന്‍റെ ഏത് വിശേഷവും തന്‍റെ ട്വിറ്റര്‍ അക്കൌണ്ടിലൂടെ പതിറ്റാണ്ട് മുന്‍പേ ലോകത്തെ അറിയിക്കുന്ന വ്യക്തിയാണ് സീനിയര്‍ ബച്ചന്‍. ബച്ചന്‍റെ ട്വിറ്ററിലെ അഭിപ്രായങ്ങള്‍ ചിലപ്പോള്‍ ഏറെ വൈറലാകാറുണ്ട്. ചില കാഴ്ചപ്പാടുകള്‍ വിമര്‍ശിക്കപ്പെടാറുമുണ്ട്. എന്നാല്‍ പതിമൂന്ന് കൊല്ലം മുന്‍പുള്ള ഒരു ട്വീറ്റാണ് ഇപ്പോള്‍ അമിതാഭിന് ട്രോളുകള്‍ കിട്ടാന്‍ ഇടയാക്കുന്നത്. അമിതാഭ് ബച്ചൻ 2010 ജൂൺ 12 നാണ് ട്വീറ്റ് ഇട്ടിരിക്കുന്നത്. ഇതിന്‍റെ ഉള്ളടക്കം ഇങ്ങനെയാണ് – “ഇംഗ്ലീഷ് ഭാഷയിൽ എന്തുകൊണ്ടാണ് ‘ബ്രാ’ എന്നത് ഏകവചനവും ‘പാന്റീസ്’ എന്നത് ബഹുവചനവും ആകുന്നത്”. എന്തായാലും തന്‍റെ ഒരോ ട്വീറ്റിന് മുന്‍പും അതിന്‍റെ എണ്ണം കൃത്യമായി രേഖപ്പെടുത്തുന്ന വ്യക്തിയാണ് ബച്ചന്‍ അതിനാല്‍ തന്നെ ടി 26 എന്നാണ് ഈ ട്വീറ്റില്‍ കാണുന്നത്. അതിനാല്‍ തന്നെ ട്വിറ്ററില്‍ സജീവമായ അമിതാഭ് നടത്തിയ 26 മത്തെ ട്വീറ്റാണ് ഇതെന്ന് വ്യക്തം.
അതേ സമയം ഈ ട്വീറ്റ് വീണ്ടും പൊന്തിവന്നതോടെ അമിതാഭിന് നല്ല ട്രോളാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. “ആരെങ്കിലും വളരെ പ്രധാനപ്പെട്ട ഒരു ചോദ്യം ചോദിച്ചല്ലോ” എന്നാണ് ഒരു ട്വിറ്റര്‍ ഉപയോക്താവ് പറയുന്നത്. അതേ സമയം ഇത് അടുത്ത സീസണിലെ കോന്‍ ബനേഗ ക്രോർപതിയില്‍ ഉള്‍പ്പെടുത്തണം എന്നാണ് ഒരാളുടെ ആവശ്യം. നിങ്ങളില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്നും ചിലര്‍ ട്വീറ്റ് ചെയ്യുന്നു.
എന്നാല്‍ ഇത്തരം ട്വീറ്റുകളുടെ പേരില്‍ അമിതാഭിനെ കളിയാക്കാന്‍ ഒന്നുമില്ലെന്ന് വാദിക്കുന്നവരും ഏറെയാണ്. അതില്‍ ഒരു പോസ്റ്റില്‍ പറയുന്നത് നമ്മുടെ പലരുടെയും പത്ത് കൊല്ലം മുന്‍പുള്ള പോസ്റ്റുകള്‍ നോക്കിയാല്‍ ഇത്തരം തമാശകള്‍ കാണാം എന്നാണ്. അന്ന് വളരെ ചെറിയൊരു ഓഡിയന്‍സിന് വേണ്ടി അമിതാഭ് പോസ്റ്റ് ചെയ്താകും ഇതെന്നും ഇവര്‍ പറയുന്നു. എന്തായാലും പലരും തമാശയായി തന്നെയാണ് അമിതാഭിന്‍റെ പഴയ ട്വീറ്റിനെ സമീപിച്ചത്.
അതേ സമയം അമിതാഭ് ബച്ചന്‍ അവതാരകനായ ഗെയിം ഷോ കോന്‍ ബനേഗ ക്രോർപതി (കെബിസി) അതിന്റെ 15-ാം സീസണ്‍ ആരംഭിക്കാനിരിക്കുകയാണ്. തിങ്കളാഴ്ച, ബിഗ് ബി തന്‍റെ ട്വിറ്റർ ഹാൻഡിൽ കൗൺ ബനേഗ ക്രോർപതി 15 ന്റെ സെറ്റിൽ നിന്ന് സ്യൂട്ട് അണിഞ്ഞിരിക്കുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.