കല്‍പ്പറ്റ: വയനാട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ പുഴയില്‍ കാണാതായ കര്‍ഷകന്റെ മൃതദേഹം കണ്ടെത്തി. ബുധാനാഴ്ച കാണാതായ മീനങ്ങാടി മുരണി കുണ്ടുകൊല്ലി സുരേന്ദ്രന്റെ (55) മൃതദേഹമാണ് വ്യാഴാഴ്ച ഉച്ചക്ക് ശേഷം നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്. മീനങ്ങാടി ചീരാംകുന്ന് ഗാന്ധിനഗറിന് സമീപത്തെ ചെക്ക് ഡാമിന് സമീപത്ത് നിന്നും സന്നദ്ധ സംഘടനയായ തുര്‍ക്കി ജീവന്‍ രക്ഷാസമിതി പ്രവര്‍ത്തകരാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് വീട്ടില്‍ നിന്നും പുല്ലുവെട്ടാനായി പുഴയോരത്തേക്ക് പോയ സുരേന്ദ്രനെ കാണാതായത്. അപകടമുണ്ടായ ദിവസം ആറുമണിവരെ സുരേന്ദ്രനായി തെരച്ചില്‍ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. വ്യാഴാഴ്ച രാവിലെ തിരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു. ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്), സുല്‍ത്താന്‍ബത്തേരി ഫയര്‍ ഫോഴ്‌സ്, തുര്‍ക്കി ജീവന്‍ രക്ഷാസമിതി, പള്‍സ് എമര്‍ജന്‍സി ടീമായിരുന്നു നാട്ടുകാരുടെ സഹായത്തോടെ തെരച്ചില്‍ നടത്തിവരികയായിരുന്നു.
അപകടമുണ്ടായി എന്ന് സംശയിക്കപ്പെടുന്ന സ്ഥലത്ത് കനമുള്ള എന്തോ വസ്തു പുല്ലിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയ അടയാളമുണ്ടായിരുന്നു. ഈ സ്ഥലത്ത് നിന്നും സുരേന്ദ്രന്റെ കരച്ചില്‍ കേട്ടതായും നാട്ടുകാര്‍ പറയുന്നുണ്ട് രാവിലെ സുരേന്ദ്രനെ വലിച്ചിഴച്ചെന്ന പറയുന്ന സ്ഥലത്ത് നിന്ന് നൂറ് മീറ്റര്‍ മാറി സുരേന്ദ്രന്റെ വസ്ത്രങ്ങള്‍ കണ്ടെത്തിയിരുന്നു. ഷര്‍ട്ടിന്റെ കഴുത്തുഭാഗം കീറിയ നിലയിലായിരുന്നു.
അതേ സമയം സുരന്ദ്രന്‍ അപകടത്തിൽപ്പെട്ടത് എങ്ങിനെയെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമെ ദുരൂഹത നീക്കാനാവൂ എന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ജില്ല പൊലീസ് മേധാവി പദം സിങ്, ഡി.വൈ.എസ്.പി അബ്ദുള്‍ ഷെരീഫ് എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.