ചിറ്റൂർ: മൊബൈൽ ആപ്പുകളിലൂടെ വായ്പ നൽകുന്ന ബ്ലേഡ് കമ്പനികൾക്കെതിരെ പരാതിയുമായി ഇടപാടുകാർ. പെരുവെമ്പ്, പുതുനഗരം സ്വദേശികളാണ് മുഖ്യമന്ത്രിക്കും ജില്ല പൊലീസ് മേധാവിക്കും പരാതി നൽകിയത്. പാലക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തെക്കുറിച്ചാണ് പരാതി ഉയരുന്നത്. അപേക്ഷ നൽകിയാലുടൻ തന്നെ വായ്പ അനുവദിക്കുകയും മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ലോൺ കാലാവധി പരിഗണിക്കാതെ ദിവസങ്ങൾക്കകം മുഴുവൻ തുകയും പലിശ സഹിതം തിരിച്ചടക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നതായി പരാതിയിൽ പറയുന്നു.രണ്ട് മൊബൈൽ ആപ്പുകളാണ് ഇവരുടേതായുള്ളത്. ഇതിലൂടെ ഇടപാടുകാരുടെ വിവരങ്ങൾ വാങ്ങി പണം നൽകുന്നതാണ് രീതി. വായ്പക്ക് അപേക്ഷിക്കുമ്പോൾ ലോൺ കാലാവധി ഒന്നോ രണ്ടോ വർഷമൊക്കെയാണ് ആപ്പിൽ കാണിക്കാറുള്ളതെങ്കിലും 15 ദിവസം കഴിഞ്ഞാൽ തിരിച്ചടക്കാൻ ആവശ്യപ്പെട്ട് ജീവനക്കാർ ഫോണിൽ ബന്ധപ്പെടുകയും നൽകിയില്ലെങ്കിൽ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്യും.
ഒരു വർഷത്തെ പലിശയുൾപ്പെടെ 15ാം ദിവസം ഭീഷണിപ്പെടുത്തി വാങ്ങുകയാണെന്ന് പരാതിയിൽ പറയുന്നു. കുടുംബാംഗങ്ങളുടെ മുന്നിൽ വെച്ച് അപമാനിക്കുന്ന രീതിയിലാവും ഇവരുടെ ആളുകൾ സംസാരിക്കുക. 36 ശതമാനം പലിശയാണ് ലോണിന് ഈടാക്കുന്നതെന്ന് ഇത്തരം ആപ്പുകളിൽ പറയുമ്പോഴും 15 ദിവശത്തേക്കാണെന്നത് വ്യക്തമാക്കുന്നില്ല. അങ്ങിനെ കണക്കാക്കുമ്പോൾ 300 ശതമാനത്തിലേറെയാണ് പലിശ. ജീവനക്കാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നത് മൂലം ആത്മഹത്യയുടെ വക്കിലാണെന്നും പരാതിയിൽ പറയുന്നു.