മാരാരിക്കുളം > ദേശീയപാത വികസനത്തിന്റെ ഭാഗമായി മരം മുറിക്കുന്നതിനിടെ വൃക്ഷശിഖരം തലയിൽ വീണ് മരം വെട്ട് തൊഴിലാളി മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാർഡ് തെക്കേ തറയിൽ (ഇല്ലിച്ചിറ) അബ്ദുൾ ഖാദർ (നവാസ് – 47) ആണ് മരിച്ചത്.വ്യാഴാഴ്ച പകൽ 11 ഓടെ ദേശീയപാതയിൽ ചേർത്തല കെവിഎം ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം. ദേശീയപാത വിഭാഗം ഏറ്റെടുത്ത ആശുപത്രിക്കു മുന്നിലെ സ്ഥലത്ത് നിന്നിരുന്ന പാഴ് മരം മുറിക്കുന്നതിനിടെയായിരുന്നു ദുരന്തം. മരം മുറിക്കുന്നതിനിടെ ആശുപത്രി വളപ്പിൽ നിൽക്കുകയായിരുന്നു അബ്ദുൾ ഖാദർ. ഒപ്പമുണ്ടായിരുന്ന തൊഴിലാളി മരത്തിനു മുകളിൽ കയറി മരം മുറിക്കുന്നതിനിടെ നിലത്തു നിന്നു കയർ വലിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു അബ്ദുൾ ഖാദർ.
മുറിച്ച കൊമ്പ് കേടു പിടിച്ച മറ്റൊരു കൊമ്പിൽ അടിച്ച് ഇത് ഒടിഞ്ഞ് അബ്ദുൾ ഖാദറിന്റെ തലയിലേക്കു പതിക്കുകയായിരുന്നു. മരം ദേഹത്തേക്കു പതിച്ചതോടെ അബ്ദുൾ ഖാദറിന്റെ തല സമീപത്തെ ആശുപത്രി മതിലിലിടിച്ചു. ഗുരുതര പരിക്കേറ്റ അബ്ദുൾ ഖാദറിനെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.വെള്ളിയാഴ്ച വൈകുന്നേരം നാലോടെ മരിച്ചു. ബാപ്പ: പരേതനായ അബ്ദുൽ റസാഖ്. ഉമ്മ :റുഖിയ ബീവി. ഭാര്യ:സുബൈദ. മക്കൾ: അജ്മൽ, അഷ്കർ.