തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ജോലി ചെയ്യാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് മടിയാണെന്ന് സർക്കാർ നിഗമനം. കാസർകോട്, ഇടുക്കി, വയനാട് ജില്ലകളിൽ സ്ഥലം മാറ്റം കിട്ടി എത്തുന്ന ഉദ്യോഗസ്ഥർ അവധിയെടുത്ത് ജോലി ചെയ്യാതെ മാറി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നടപടിയുമായി സർക്കാർ രംഗത്തെത്തി. പ്രശ്നം ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി ഓഗസ്റ്റ് അഞ്ചിന് സർവീസ് സംഘടനകളുടെ യോഗം വിളിച്ചു. മറ്റു ജില്ലകളിൽനിന്നെത്തുന്ന, മൂന്ന് ജില്ലകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ അനുവദനീയമായ പരമാവധി അവധിയെടുത്ത് ജോലിയിൽ നിന്ന് മാറി നിൽക്കുന്ന പ്രവണത വർധിക്കുകയാണെന്നാണ് സർക്കാർ വിലയിരുത്തൽ. അതുകൊണ്ടു തന്നെ പ്രധാന ഓഫിസുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. ഈ വിഷയം ഗൗരവത്തിലെടുത്ത് പരിഹരിക്കാനാണ് തീരുമാനം. ഈ മൂന്ന് ജില്ലകളിലും നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥർ വ്യവസ്ഥ പ്രകാരം നിശ്ചയിച്ച വർഷങ്ങൾ അതത് ജില്ലകളിൽ ജോലി ചെയ്യുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ നേരത്തെ നിർദേശം നൽകിയിരുന്നു. നിശ്ചിത കാലയളവിന് മുമ്പേ ഉദ്യോഗസ്ഥർ സ്വന്തം ജില്ലയിലേക്ക് സ്ഥലം മാറ്റം വാങ്ങിപ്പോകുന്നുവെന്ന ആരോപണത്തെ തുടർന്നാണ് ട്രാൻസ്ഫർ മാനദണ്ഡങ്ങൾ പാലിക്കാൻ കർശന നിർദേശം നൽകിയത്. ഈ മൂന്ന് ജില്ലകളിലും നിരവധി ഡോക്ടർ, എൻജിനീയർ, പാരമെഡിക്കൽ തസ്തികകളും ഒഴിഞ്ഞുകിടക്കുകയാണ്.
ഈ മൂന്ന് ജില്ലകളിലും ഉദ്യോഗസ്ഥരുടെ കൃത്യമായ സേവനം ഉറപ്പാക്കാൻ നടപടി സ്വീകരിക്കും. ആർജിത അവധി വ്യവസ്ഥയിൽ ഇളവ് നൽകുന്നതുൾപ്പെടെ നിർബന്ധിത സേവന പ്രകാരം ഈ ജില്ലകളിൽ ജോലിക്കെത്തുന്നവരുടെ കാലാവധിക്ക് ശേഷം സ്വന്തം ജില്ലയിലേക്ക് ട്രാൻസ്ഫർ നൽകുന്നതും പരിഗണിക്കും. ഐഎഎസ്, കെഎഎസ്, സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥർക്കും ഇളവുകൾ നൽകിയേക്കും. ഇതര ജില്ലക്കാരായ നിരവധി ഉദ്യോഗസ്ഥരാണ് ഈ മൂന്ന് ജില്ലകളിലായി ജോലി ചെയ്യുന്നത്.