ഭുവനേശ്വര്‍: രാജ്യത്ത് പലയിടത്തും തക്കാളി വില 200 കടന്നതോടെ തക്കാളിയുമായി ബന്ധപ്പെട്ട തട്ടിപ്പുകളും മോഷണങ്ങളുമെല്ലാം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. തക്കാളി വിറ്റ് സമ്പന്നരായവരുടെ മുതല്‍ തക്കാളി തട്ടിയെടുക്കുന്ന കൊള്ളസംഘങ്ങളുടെ വരെ റിപ്പോര്‍ട്ടുകള്‍ ഇക്കൂട്ടത്തിലുണ്ട്. അക്കൂട്ടത്തിലാണ് ഒഡിഷയില്‍ നിന്നുള്ള പുതിയ തക്കാളി മോഷണ വാര്‍ത്ത കൂടി ഇടംപിടിക്കുന്നത്.
കട്ടക്കിലെ ഛത്ര ബസാറില്‍ രണ്ട് കുട്ടികളെയുമായി എത്തിയ ഒരാളാണ് കടയില്‍ നിന്ന് നാല് കിലോ തക്കാളി വാങ്ങിയത്. കുട്ടികളെ പച്ചക്കറി കടയില്‍ ഇരുത്തിയ ശേഷം പണം കൊടുക്കാതെ പുറത്തിറങ്ങിയ ഇയാള്‍ തനിക്ക് 10 കിലോ തക്കാളി കൂടി വേണമെന്നും ഇപ്പോള്‍ എടുത്ത തക്കാളി ഒരു ബന്ധുവിനെ ഏല്‍പ്പിച്ച ശേഷം ഉടനെ മടങ്ങിവരാമെന്നും അറിയിച്ചു. കടക്കാരന് ഉറപ്പ് നല്‍കാനെന്നവണ്ണം കുട്ടികളെ അവിടെ നിര്‍ത്തുകയും ചെയ്തു.
മണിക്കൂറുകള്‍ക്ക് ശേഷവും ഇയാള്‍ തിരിച്ചുവരാതായതോടെ കടക്കാരന് സംശയമായി. തക്കാളിയുമായി പോയ ആളിനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. കുട്ടികളോട് അവരെ കൊണ്ടുവന്ന ആളിനെപ്പറ്റി ചോദിച്ചപ്പോള്‍ തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്നും ഒരു ജോലിക്കായി വിളിച്ചതാണെന്നുമായിരുന്നു ഇവര്‍ പറഞ്ഞത്. ഒരു വാഷിങ് മെഷീന്‍ ലോഡ് ചെയ്യാനുണ്ടെന്ന് പറഞ്ഞ് കുട്ടികളെ വിളിച്ച ഇയാള്‍ അവര്‍ക്ക് 300 രൂപ നല്‍കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് വരികയായിരുന്നു. ഇവരെയാണ് കടയില്‍ ഇരുത്തിയ ശേഷം മുങ്ങിയത്.