കൊച്ചി : ആലുവയിൽ അഞ്ചു വയസുകാരിയെ അതിക്രൂരമായി കൊലപെടുത്തിയ പ്രതി അസഫാക്ക് ആലത്തെ തിരിച്ചറിയല്‍ പരേഡിൽ മൂന്നൂ സാക്ഷികളും തിരിച്ചറിഞ്ഞു. ആലുവ സബ്‌ജയിലില്‍ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്.കേസിലെ നിര്‍ണായക സാക്ഷികളായ താജുദ്ദീന്‍, കുട്ടിയുമായി പ്രതി യാത്ര ചെയ്ത ബസിലെ കണ്ടക്ടര്‍ സന്തോഷ്, ബസില്‍ ഇരുവരെയും കണ്ട സുസ്മിത എന്നിവരാണ് പ്രതിയെ തിരിച്ചറിഞ്ഞത്.അതേസമയം പ്രതി അസഫാക് ആലത്തിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും പൊലീസ്. ഇയാള്‍ കൊടും കുറ്റവാളിയാണെന്നും പോക്‌സോ കേസിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. ഡൽഹിയിൽ ജയിലില്‍ കിടന്നിട്ടുണ്ടെന്ന വിവരവും പുറത്തുവന്നു.
ഡൽഹി ഗാസിയാബാദില്‍ 2018ലാണ് അസഫാക് ആലം ജയില്‍ ശിക്ഷ അനുഭവിച്ചത്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും. അതേസമയം പ്രതിയുടെ കസ്റ്റഡി സംബന്ധിച്ച പൊലീസിന്റെ അപേക്ഷ ഇന്ന് എറണാകുളം പോക്‌സോ കോടതി പരിഗണിക്കും.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ബീഹാറി സദേശിയായ കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. വൈകിട്ടോടെയാണ് കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത് അസഫാക് ആലമാണെന്ന് വ്യക്തമായി. ചോദ്യം ചെയ്യലില്‍ കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞത്. വിശദമായ ചോദ്യം ചെയ്യലില്‍ കുട്ടിയെ കൊലപ്പെടുത്തിയതായി ഇയാള്‍ സമ്മതിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആലുവ മാര്‍ക്കറ്റിന് സമീപത്തെ ഒഴിഞ്ഞ പ്രദേശത്ത് നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടി അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി.