കൊച്ചി > അതിഥി തൊഴിലാളികളുടെ കുട്ടികളുടെ സുരക്ഷയുടെ ഭാഗമായി ആലുവ, പെരുമ്പാവൂർ മേഖലകളിലെ സ്‌കൂളുകൾ കേന്ദ്രീകരിച്ച് ഡേ കെയർ, ക്രഷ് സംവിധാനമൊരുക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ആലുവയിൽ അഞ്ചു വയസുകാരി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്ക് കൂടുതൽ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി എറണാകുളം കളക്ടറേറ്റിൽ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ചു ചേർന്ന പ്രത്യേക യോഗത്തിലാണു മന്ത്രി ഇക്കാര്യം അറിയിച്ചത്.അതിഥി തൊഴിലാളികളുടെ കുട്ടികൾ പഠിക്കുന്ന സ്‌കൂളുകൾ കേന്ദ്രീകരിച്ചു തന്നെ ഡേ കെയർ ക്രമീകരിക്കുന്നതിനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്. മാതാപിതാക്കൾ ജോലിക്കു പോകുന്നതിനാൽ സ്‌കൂൾ സമയം കഴിഞ്ഞും അവധി ദിവസങ്ങളിലും കുട്ടികൾ വീടുകളിൽ ഒറ്റപ്പെട്ടു പോകുന്ന സാഹചര്യം ഒഴിവാക്കുകയാണു ലക്ഷ്യം. ക്രഷ് ആവശ്യമായ ഇടങ്ങളിൽ ഒരുക്കും.
ആലുവയിലേത് അതിദാരുണമായ കാര്യമാണെന്നും ഇനി ഇത്തരത്തിലൊരു സംഭവം ആവർത്തിക്കാതിരിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തൊഴിൽ വകുപ്പ്, പോലീസ്, എക്‌സൈസ്, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ നേതൃത്തിൽ അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന് വേണ്ടി മാസ് ഡ്രൈവ് നടത്തും. അതിഥി ആപ്പ് സജ്ജമാകുന്നതോടെ രജിസ്‌ട്രേഷൻ നടപടികൾക്കു വേഗത കൈവരും. കെട്ടിടങ്ങൾ വാടകയ്ക്ക് കൊടുത്തിരിക്കുന്നത് നഗരസഭയിൽ കൃത്യമായി രജിസ്റ്റർ ചെയ്യുന്നതിന് നടപടി സ്വീകരിക്കും.
അതിഥി തൊഴിലാളികൾക്കിടയിലെ ലഹരിയുടെ ഉപയോഗവും വ്യാപനവും തടയുന്നതിനായി പൊലീസും എക്‌സൈസും സംയുക്തമായി പ്രത്യേക പരിശോധന നടത്താൻ മന്ത്രി നിർദേശിച്ചു. ലഹരിക്കെതിരായ ബോധവത്കരണം ഉൾപ്പെടെ വ്യാപകമാക്കും. ഇത്തരം പ്രവർത്തനങ്ങളിലെല്ലാം ജനപ്രതിനിധികളുടെ സഹകരണം ഉറപ്പാക്കും. അടുത്ത ദിവസം ആലുവയിൽ ജനപ്രതിനിധികളുടെ യോഗം വിളിക്കും.
അതിഥി തൊഴിലാളികൾ കൂടുതലുള്ള ആലുവ, പെരുമ്പാവൂർ മേലകളിൽ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളിൽ കുറ്റകൃത്യങ്ങൾക്കു സാധ്യതയുണ്ടെന്ന പരാതി ഉയർന്നിട്ടുണ്ട്. ഈ സ്ഥലങ്ങളെ ബ്ലാക്ക് സ്‌പോട്ടുകളായി പരിഗണിച്ച് പോലീസ് 24 മണിക്കൂറും പ്രത്യേക നിരീക്ഷണം ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു. അതിഥി തൊഴിലാളികളെയാകെ കുറ്റവാളികളായി കാണേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, ആലുവ റൂറൽ എസ് പി വിവേക് കുമാർ, ജില്ലാ വികസന കമ്മീഷണർ എം എസ് മാധവിക്കുട്ടി, സബ് കളക്ടർ പി വിഷ്ണു രാജ്, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.