തിരുവനന്തപുരം > ഭരണഘടനാപരമായ കാര്യങ്ങൾ മാത്രമാണ് പറഞ്ഞതെന്നും ഒരു മതവിശ്വാസിയേയും വ്രണപ്പെടുത്താനുള്ള ഒന്നും പരാമർശിച്ചിട്ടില്ലെന്നും സ്‌പീക്കർ എ എൻ ഷംസീർ.ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന കാര്യം മാത്രമാണ് പറഞ്ഞത്. സയന്റിഫിക് ടെമ്പർ (ശാസ്ത്രബോധം)പ്രമോട്ട് ചെയ്യണമെന്ന് ഭരണഘടന തന്നെ പറയുന്നുണ്ട്. ഭരണഘടനാ പദവി വഹിക്കുന്ന ആളെന്ന നിലയിൽ അത് പറയാൻ തനിക്ക് അവകാശമുണ്ട്. ശാസ്ത്രീയമായ കാര്യം മാത്രമാണ് പറഞ്ഞതെന്നും ഷംസീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. താൻ ഒരു മതവിശ്വാസിയേയും വേദനിപ്പിക്കുന്ന വ്യക്തിയല്ല. മതവികാരങ്ങളെ വ്രണപ്പെടുത്തിയില്ല. പലരും മുമ്പ് പറഞ്ഞ കാര്യങ്ങൾ മാത്രമാണ് താനും പറഞ്ഞത്. ഇപ്പോൾ പറഞ്ഞത് വളച്ചൊടിച്ച് പ്രചരിപ്പിക്കുകയാണ്. തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഇന്ത്യയിൽ പലയിടങ്ങളിലും ഹേറ്റ് ക്യാമ്പയിൻ നടക്കുന്നുണ്ട്. അത് കേരളത്തിലും സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കേരളം പോലുള്ള സംസ്ഥാനത്ത് ഇത്തരം ചർച്ചകൾ തന്നെ അനാവശ്യമാണെന്നും വിശ്വാസിസമൂഹം ഇത്തരം കുപ്രചരണങ്ങൾ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.തന്റെ മതേതര മൂല്യങ്ങളെ ചോദ്യം ചെയ്യാനും തടയാനും ആർക്കും അവകാശമില്ലെന്നും ശാസ്ത്രത്തെയും വിശ്വാസത്തെയും കൂട്ടിക്കലർത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.