ദില്ലി: അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നിർണായക നീക്കം. സുപ്രീം കോടതിയിൽ രാഹുൽ ഗാന്ധി എതിർ സത്യവാങ്മൂലം സമർപ്പിച്ചു. പരാതിക്കാരനെതിരെ നിരവധി കാര്യങ്ങളാണ് രാഹുൽ ഗാന്ധി എതിർ സത്യവാങ്മൂലത്തിൽ ചൂണ്ടികാട്ടിയിട്ടുള്ളത്. പരാതിക്കാരൻ നിയമത്തെ ദുരുപയോഗം ചെയ്യുന്നു, തന്നെ മാപ്പ് പറയാനായി നിർബന്ധിക്കുന്നു എന്നതടക്കമുള്ള കാര്യങ്ങൾ രാഹുൽ, സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല കീഴ്കോടതി വിധികൾക്കെതിരെയും എതിർ സത്യവാങ്മൂലത്തിൽ രാഹുൽ വിമർശനം ഉന്നയിച്ചിട്ടുണ്ട്. കീഴ്കോടതി നടപടികൾ മുൻക്കാല സുപ്രിം കോടതി വിധികൾക്ക് വിരുദ്ധമെന്നാണ് രാഹുൽ ചൂണ്ടികാട്ടിയിരിക്കുന്നത്. കേസ് പരിഗണിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് രാഹുൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.