മുടികൊഴിച്ചിലാണോ നിങ്ങളുടെ പ്രശ്നം? പല കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിലുണ്ടാകാം. സമ്മർദ്ദം, ഹോർമോൺ വ്യതിയാനം, ഭക്ഷണം, ചില മരുന്നുകളുടെ ഉപയോഗം ഇങ്ങനെ പല കാരണങ്ങൾ. മുടികൊഴിച്ചിൽ ഒരു പരിധി വരെ കുറയ്ക്കാൻ സഹായിക്കുന്ന ഒരു ചേരുവകയാണ് തെെര്. തൈരിൽ സ്വാഭാവികമായും മുടിയെ പോഷിപ്പിക്കുന്ന ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. തൈരിൽ അടങ്ങിയിരിക്കുന്ന ബയോട്ടിൻ, സിങ്ക് എന്നിവ മുടി വേരിൽ നിന്ന് ശക്തിപ്പെടുത്താൻ സഹായിക്കുന്നു. വിറ്റാമിൻ ഇയുടെയും പ്രോട്ടീനിന്റെയും മികച്ച ഉറവിടം കൂടിയാണ് തൈര്. മുടിയെ ബലമുള്ളതാക്കാൻ പരീക്ഷിക്കാം തെെര് കൊണ്ടുള്ള ഹെയർ പാക്കുകൾ…
ഒന്ന്…
അര കപ്പ് തൈരിൽ ഒരു ടീസ്പൂൺ നാരങ്ങാനീരും ഒരു ടീസ്പൂൺ തേനും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഇത് മുടിയിൽ തേച്ചുപിടിപ്പിക്കുക. 15 മിനുട്ടിന് ശേഷം ഒരു ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ പാക്ക് ഇടാം.
രണ്ട്…
തലേ ദിവസം കുതിർത്ത് വച്ച ഉലുവ മിക്സിയിൽ നന്നായി അരച്ചെടുക്കാം. ഇതിലേയ്ക്ക് ഒരു കപ്പ് തൈര്, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിത തലമുടിയിൽ നന്നായി തേച്ചു പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
മൂന്ന്…
ഒരു കപ്പ് തൈര്, 5-6 ടീസ്പൂൺ കറ്റാർ വാഴ ജെൽ, 2 ടീസ്പൂൺ തേൻ എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുടിയിൽ തേച്ച് പിടിപ്പിക്കുക. 15 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തിൽ മുടി കഴുകുക.