കൊച്ചി: ലൈംഗികാതിക്രമത്തിനിരയാകുന്ന പ്രായപൂർത്തിയാകാത്തവർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാറിന്‍റെ ഭാഗത്തുനിന്ന് നടപടി വേണമെന്ന് ഹൈകോടതി. അനുയോജ്യമായ പ്രത്യേക പദ്ധതിക്ക് രൂപം നൽകുകയോ ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്ന നിലവിലെ പദ്ധതിയിൽ ഭേദഗതി വരുത്തുകയോ വേണമെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഉത്തരവിട്ടു. ലൈംഗികാതിക്രമത്തിന് ഇരകളായ രണ്ടുപേർക്ക് 50,000 രൂപ വീതം നഷ്ടപരിഹാരം നൽകാനുള്ള ആലപ്പുഴ പോക്‌സോ പ്രത്യേക കോടതി ഉത്തരവിനെതിരെ എറണാകുളത്തെ കേരള സ്റ്റേറ്റ് ലീഗൽ സർവിസസ് അതോറിറ്റി നൽകിയ ഹരജി തള്ളിയാണ് ഉത്തരവ്.
പോക്‌സോ കേസ് ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ നിലവിലെ നിയമത്തിൽ വ്യവസ്ഥയില്ലെന്ന് വിലയിരുത്തിയാണ് ഉത്തരവ്. പോക്സോ ഇരകൾക്ക് ഗുണകരമാകുമെന്നതിനാൽ ഭേദഗതികൾ അനിവാര്യമാണെന്ന് കോടതി നിയോഗിച്ച അമിക്കസ് ക്യൂറി അറിയിച്ചു. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് 2017ൽ ഇരകൾക്ക് നഷ്ടപരിഹാരം നൽകുന്ന പദ്ധതിക്ക് സർക്കാർ രൂപം നൽകിയിരുന്നു. 2021ൽ നിയമത്തിൽ ഭേദഗതിയും കൊണ്ടുവന്നു. ഇതുപ്രകാരം അക്രമത്തിന് ഇരയാകുന്നവർക്ക് സർക്കാർ നഷ്ടപരിഹാരം നൽകണം.
എന്നാൽ, നിയമത്തിൽ വ്യവസ്ഥയില്ലാത്തതിനാൽ പോക്സോ കേസിലെ ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ കഴിയുന്നില്ല. ലൈംഗികാതിക്രമങ്ങൾക്ക് ഇരയായ സ്ത്രീകൾക്ക് പുറമെ, കുട്ടികൾക്കും നഷ്ടപരിഹാരം ഉറപ്പുവരുത്തണം. കുറ്റകൃത്യങ്ങളുടെ പട്ടികയിൽ മറ്റ് ലൈംഗിക പീഡനങ്ങളെക്കൂടി ഉൾപ്പെടുത്തി നഷ്ടപരിഹാരം ലഭ്യമാക്കണം. അതുവരെ പോക്സോ കേസിലെ ഇരകൾക്ക് 2018ലെ നാഷനൽ ലീഗൽ സർവിസ് അതോറിറ്റിയുടെ പദ്ധതി പ്രകാരം നഷ്ടപരിഹാരം അനുവദിക്കാം -ഹൈകോടതി വ്യക്തമാക്കി.