എരുമേലി: നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയിൽ രാഷ്ട്രീയ വിവേചനം ഉണ്ടായെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചാണ് വിദഗ്ധ സമിതിയെ തെരഞ്ഞെടുത്തത്.ഭൂമി ഏറ്റെടുക്കൽ, പുനരധിവാസം, പുനരധിവാസ നിയമം 2013ന്റെ അടിസ്ഥാനത്തിലാണ് വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുള്ളത്. ഒരു സാമൂഹിക ശാസ്ത്രജ്ഞൻ, ഒരു പുനരധിവാസ വിദഗ്ധൻ, പ്രദേശത്തെ രണ്ട് പ്രാദേശിക ജനപ്രതിനിധികൾ എന്നാണ് ഈ ആക്ടിൽ നിർദേശിക്കുന്നത്. സാമൂഹികാഘാത പഠന റിപ്പോർട്ടിൻമേലുള്ള ജനങ്ങളുടെ അഭിപ്രായങ്ങളും ആശങ്കകളും കേൾക്കുന്നതിനും ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുനരധിവാസം തീരുമാനിക്കുന്നതിനുമാണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്. പ്രാദേശിക ജനപ്രതിനിധികളായ രണ്ടുപേരെയാണ് നിയമപ്രകാരം ഉൾപ്പെടുത്താനാകുക. ജനപ്രതിനിധികളെ തീരുമാനിക്കുന്നതിലും മാനദണ്ഡങ്ങളുണ്ട്. പദ്ധതിക്കായി സ്ഥലമേറ്റെടുപ്പ് നടക്കുന്ന പ്രദേശത്ത് ഒന്നിലധികം ജനപ്രതിനിധികൾ ഉൾപ്പെട്ടാൽ കൂടുതൽ പ്രദേശമുള്ള വാർഡിലെ അംഗത്തെയാണ് സമിതിയിൽ ഉൾപ്പെടുത്തുക. ഒഴക്കനാട് വാർഡിൽ ഉള്ളതിലുമധികം പ്രദേശം ചെറുവള്ളി എസ്റ്റേറ്റിലുണ്ടെന്നും അതിനാലാണ് അവജിടുത്തെ വാർഡംഗത്തെ സമിതിയിൽ ഉൾപ്പെടുത്തിയത്. എരുമേലി, മണിമല പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ഭൂമി ആയതിനാലാണ് രണ്ട് പഞ്ചായത്തിലെയും ഓരോ ജനപ്രതിനിധികളെ ഉൾപ്പെടുത്തിയതെന്നും എം.എൽ.എ പറഞ്ഞു.