ലണ്ടന്‍: കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഇജി 5.1 യുകെയില്‍ പടരുന്നതായി റിപ്പോര്‍ട്ട്. യുകെയിലെ റെസ്പിറേറ്ററി ഡേറ്റമാര്‍ട്ട് സംവിധാനത്തിലെത്തിയ 4396 ശ്വാസകോശ സ്രവ സാമ്പിളില്‍ 5.4 ശതമാനത്തിലും കോവിഡ് സാന്നിധ്യം കണ്ടെത്തി. ‘ഏരിസ്’ എന്നാണ് പുതിയ വകഭേദത്തെ അറിയപ്പെടുന്നത്. ജൂലൈ 31നാണ് ഏരിസിനെ പുതിയ വകഭേദമായി തരംതിരിച്ചത്. യുകെയില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏഴിലൊന്ന് കോവിഡ് കേസുകളും ഏരിസ് മൂലമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
ലോകാരോഗ്യ സംഘടന നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന കോവിഡ് വകഭേദങ്ങളുടെ പട്ടികയില്‍ ഇജി 5.1 ഉണ്ട്. എക്സ്ബിബി.1.5, എക്സ്ബിബി.1.16, ബിഎ.2.75, സിഎച്ച്.1.1, എക്സ്ബിബി, എക്സ്ബിബി1.9.1, എക്സ്ബിബി 1.9.2, എക്സ്ബിബി.2.3 എന്നിവയാണ് നിരീക്ഷണത്തിലുള്ള മറ്റ് വകഭേദങ്ങള്‍. ജൂലൈ രണ്ടാം വാരത്തില്‍ യുകെയിലെ സീക്വന്‍സുകളില്‍ 11.8 ശതമാനത്തിലും ഏരിസ് സാന്നിധ്യം കണ്ടെത്തിയെന്നാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ വെബ്സൈറ്റില്‍ പറയുന്നത്.