ന്യൂഡൽഹി ∙ മോദി പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതെങ്കിലും ഡസനിലേറെ അപകീർത്തിക്കേസുകൾ രാഹുൽ ഗാന്ധിക്കെതിരെ വിവിധ കോടതികളിൽ നിലനിൽക്കുന്നു. സവർക്കർക്കെതിരെ കേംബ്രിജിൽ നടത്തിയ പരാമർശത്തിന്റെ പേരിൽ പുണെ കോടതിയിലുള്ളതാണ് ഈ നിരയിൽ ഏറ്റവും പുതിയത്. ഗുജറാത്ത് ഹൈക്കോടതി രാഹുലിന്റെ സ്റ്റേ ആവശ്യം നിരസിക്കാൻ ഇതും കാരണമാക്കിയിരുന്നു.എന്നാൽ, എല്ലാം ബിജെപിക്കാരുടെ പരാതികളാണെന്നും ഒന്നിൽപോലും ശിക്ഷിച്ചിട്ടില്ലെന്നുമുള്ള രാഹുലിന്റെ വാദം സുപ്രീം കോടതി കണക്കിലെടുത്തു. സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങൾ മറ്റു വിചാരണക്കോടതികളുടെ തീരുമാനത്തെ എങ്ങനെ സ്വാധീനിക്കുമെന്നാണ് ഇനിയറിയേണ്ടത്.