തൃശൂർ: ഗദ്ദർ സമ്പൂർണമായ അർഥത്തിൽ ജനങ്ങളുടെ കവിയായിരുന്നുവെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ. ഇന്ത്യയെ ഏറ്റവും താഴെനിന്നുള്ള ഒരു വിപ്ലവത്തിലേക്ക് നയിക്കണമെന്ന് ആഗ്രഹിച്ച അനേകം എഴുത്തുകാരിൽ ഒരാളായിരുന്നു അദ്ദേഹം. അവരിൽ വരവരറാവുവും ഗദ്ദറുമാണ് ഏറ്റവും മുന്നിൽനിന്ന രണ്ടാളുകൾ എന്ന് പറയാം.ഗദ്ദർ കവി മാത്രമായിരുന്നില്ല, പാട്ടുകാരനുമായിരുന്നു. അദ്ദേഹം തെലുങ്കിലെ നാടൻപാട്ടിന്റെയും ആദിവാസി ഗാനങ്ങളുടെയും പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കുകയും അതിനെ മാറ്റത്തിനുള്ള വലിയ ആയുധമാക്കി മാറ്റുകയും അത് ജനങ്ങൾക്കിടയിൽ പാടി പ്രചരിപ്പിക്കുകയും ചെയ്‌തു. പഴയ ആന്ധ്രയിലെ ജനങ്ങളുടെ പരിവർത്തന ബോധം ഉണർത്തുന്നതിൽ ഗദ്ദറിന്റെ കവിതകൾ വഹിച്ച പങ്ക് വളരെ വലുതാണ്.
എഴുത്ത് പാരമ്പര്യത്തിൽ എന്നതിനേക്കാൾ, വാമൊഴി പാരമ്പര്യത്തിൽപ്പെട്ട കവിയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് വേണ്ടി മാത്രമല്ല, ജനങ്ങളുടെ ചുറ്റുപാടുകളെപ്പറ്റി, വനങ്ങളെപ്പറ്റി, മലകളെപ്പറ്റി, എങ്ങനെയാണ് മനുഷ്യവംശത്തിന് അതിജീവിക്കാൻ കഴിയുക എന്നതിനെപ്പറ്റി വളരെ ആഴത്തിൽ ആലോചിക്കുകയും മനോഹരമായി അത് ഗാനങ്ങളിലൂടെ അവതരിപ്പിക്കുകയും ചെയ്‌ത കവി എന്ന നിലയ്‌ക്ക് ഗദ്ദർ എല്ലാ കാലത്തും ജനമനസ്സുകളിൽ നിറഞ്ഞു നിൽക്കുമെന്ന് സച്ചിദാനന്ദൻ പറഞ്ഞു.