ദില്ലി: ഇന്ത്യയില്‍ വ്യാജവാർത്തകള്‍ പ്രചരിപ്പിക്കാനുള്ള വലിയ ശ്രമമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. പ്രധാനമന്ത്രിക്കും സർക്കാരിനുമെതിരെ അസത്യം പ്രചരിപ്പിക്കുന്നതില്‍ വിദേശ ശക്തികളുടെ ഇടപെടലുകള്‍ ഉണ്ടാവുന്നതായി വിശദമാക്കുന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് പ്രതികരണം. ഇത്തരം സംഭവം ആദ്യമായല്ല. ഇത് വളരെ സങ്കീര്‍ണമായ ഗൂഡാലോചനയുടെ ഭാഗമാണെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.
ഇന്ത്യയുടെ വളര്‍ച്ചയില്‍ വെറിപൂണ്ടവരുടെ പണം കൈപ്പറ്റിയാണ് ഇത്തരം അജന്‍ഡകൾക്ക് പിന്നിലുള്ളത്. കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറിനൊപ്പമുള്ള വാര്‍ത്താ സമ്മേളനത്തിലാണ് രാജീവ് ചന്ദ്രശേഖറിന്‍റെ പ്രതികരണം. ഇന്ത്യയില്‍ ജനാധിപത്യമില്ലെന്നടക്കമുള്ള വ്യാജ പ്രചാരണങ്ങളാണ് രാഹുല്‍ഗാന്ധി വിദേശത്ത് നടത്തുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അമേരിക്കന്‍ കോടീശ്വരനായ നെവില്ലെ റോയ് സിംഗം ഫണ്ട് ചെയ്യുന്ന ന്യൂസ് ക്ലിക്ക് ചൈനീസ് പ്രൊപ്പഗാന്‍ഡകള്‍ക്ക് വലിയ കവറേജ് നല്‍കിയെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്.