രാവിലെ ഉറക്കമെഴുന്നേറ്റയുടൻ തന്നെ ഒരു കപ്പ് ചൂടുള്ള ചായയോ കാപ്പിയോ കഴിക്കാനായിരിക്കും മിക്കവരും ഇഷ്ടപ്പെടുക. ഉന്മേഷത്തോടെ ദിവസം തുടങ്ങുന്നതിന് സഹായകമാകുമെന്നതിനാലാണ് മിക്കവരും ഇത് ചെയ്യുന്നത്. മാത്രമല്ല, രാവിലെ ഒരു ചായ എന്നത് അധികപേരുടെയും ശീലങ്ങളുടെ ഭാഗമാണ്. അതില്ലെങ്കില്‍ അവര്‍ക്ക് തുടര്‍ന്നുള്ള എല്ലാ കാര്യങ്ങള്‍ക്കും പ്രയാസമായിരിക്കും. എന്നാല്‍ രാവിലെ എഴുന്നേറ്റയുടൻ ചായ കഴിക്കുന്നത് ഗ്യാസിന്‍റെ പ്രശ്നമുണ്ടാക്കുമെന്ന് പറയുന്നത് നിങ്ങള്‍ കേട്ടിരിക്കാം. പലര്‍ക്കും ഒരു ശീലമായതിനാല്‍ തന്നെ രാവിലത്തെ ചായ ഒഴിവാക്കാനാകില്ല. അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെയോ അസ്വസ്ഥതകളെയോ തിരിച്ചറിയാനും സാധിക്കണമെന്നുമില്ല.
രാവിലെ വെറുംവയറ്റില്‍ ചായ കുടിക്കുന്നത് സത്യത്തില്‍ ഗ്യാസിന് കാരണമാകുന്നത് തന്നെയാണ്. ചായ കുടിക്കുന്നതിന് ചില സമയമുണ്ട്. അതല്ലെങ്കില്‍ ചായ ഗ്യാസ് സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടാക്കും. എന്തായാലും രാവിലെ വെറുംവയറ്റില്‍ ചായ കുടിക്കുന്നത് നല്ലൊരു ഓപ്ഷൻ അല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഉറക്കമെഴുന്നേറ്റയുടനെ ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് ദിവസം തുടങ്ങുക. പതിയെ ലഘുഭക്ഷണം എന്തെങ്കിലും കഴിക്കാം. ഇതിനും അല്‍പനേരം കൂടി കഴിഞ്ഞ ശേഷം മാത്രമാണ് ചായ കുടിക്കേണ്ടത്. അങ്ങനെയെങ്കില്‍ ഗ്യാസിന്‍റെ പ്രശ്നമുണ്ടാവുകയില്ല.
ചിലരില്‍ അസിഡിറ്റി, പുളിച്ചുതികട്ടല്‍, നെഞ്ചെരിച്ചില്‍ പോലുള്ള പ്രയാസങ്ങള്‍ ദിവസം മുഴുവൻ നീണ്ടുനില്‍ക്കാനും ഇത് ജീവിതത്തിന്‍റെ തന്നെ ഭാഗമാകാനും ഈ ശീലം കാരണമാകും. ചായയില്‍ അടങ്ങിയിട്ടുള്ള ‘ടാന്നിൻ’ വയറ്റിനുള്ളില്‍ ദഹനരസം ഉണ്ടാക്കും. ഭക്ഷണമൊന്നും കഴിക്കാത്തപക്ഷം വെറുംവയറ്റില്‍ ഇങ്ങനെ ദഹനരസം ഉത്പാദിപ്പിക്കപ്പെടുന്നത് ഗ്യാസിനും അസിഡിറ്റിക്കുമെല്ലാം കാരണമാവുകയാണ്. ചിലരാണെങ്കില്‍ ബ്രേക്ക്ഫാസ്റ്റിന് മുമ്പ് പലവട്ടം ചായ കുടിക്കും. ഇത് തീര്‍ച്ചയായും ഗ്യാസ് സംബന്ധമായ പ്രശ്നങ്ങള്‍ അധികരിക്കുന്നതിന് കാരണമാകും. ചായ അധികമാകുമ്പോള്‍ ചായയിലുള്ള കഫീൻ ശരീരത്തില്‍ നിര്‍ജലീകരണം (ജലാംശം ക്രമാതീതമായി കുറയുന്ന അവസ്ഥ) സംഭവിക്കുന്നതിനും ഇടയാക്കും. ഇതും ആരോഗ്യത്തിന് ഭീഷണി തന്നെയാണ്.
പൊതുവെ ഗ്യാസ് പ്രശ്നങ്ങളുള്ളവരാണെങ്കില്‍ നിര്‍ബന്ധമായും രാവിലെ വെറുംവയറ്റില്‍ ചായ കുടിക്കുന്നത് ഒഴിവാക്കുക. അതുപോലെ തന്നെ ദിവസത്തില്‍ പല തവണ ചായ കുടിക്കുന്ന ശീലവും ഒഴിവാക്കുക. ചായയ്ക്കൊപ്പം ഹെല്‍ത്തിയായ സ്നാക്സ് കഴിക്കുന്നതും ഗ്യാസ് പ്രശ്നങ്ങള്‍ ലഘൂകരിക്കും.