ഏതൊരാളും വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് അത്രത്തോളം ഇഷ്ടത്തോടെയായിരിക്കും. എന്നാല്‍ അതില്‍ നീക്കം ചെയ്യാനാകാത്ത വിധത്തില്‍ കറ പിടിച്ചാലോ. അതിലും വലിയ സങ്കടം വരാനില്ല. കറ കളയാനായി നിരവധി മാര്‍ഗങ്ങള്‍ പരീക്ഷിച്ച് അതില്‍ പരാജയപ്പെട്ടവരായിരിക്കും നമ്മളില്‍ ഭൂരിഭാഗം പേരും. കറപിടിച്ചതിന്റെ പേരില്‍ കൊതിതീരും മുന്‍പെ ഇഷ്ടപ്പെട്ട വസ്ത്രം ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായവരായിരിക്കും നമ്മളില്‍ പലരും.എന്നാല്‍ ഇനി അത്തരമൊരു അവസ്ഥ നിങ്ങള്‍ക്ക് വരില്ല. എത്ര കാഠിന്യമുള്ള കറകളും നിഷ്പ്രയാസം നീക്കം ചെയ്യാന്‍ നിരവധി മാര്‍ഗങ്ങള്‍ ഇന്നുണ്ട്. എല്ലാ കറകളും നീക്കം ചെയ്യാന്‍ പൊതുവായ മാര്‍ഗമല്ല സ്വീകരിക്കേണ്ടത് എന്ന് മാത്രം. വ്യത്യസ്ത തരത്തിലുള്ള കറകള്‍ ഒഴിവാക്കാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം.
എണ്ണ, ഗ്രീസ് തുടങ്ങിയവയില്‍ നിന്നുള്ള കറകളാണ് പൊതുവെ വസ്ത്രങ്ങളില്‍ പെട്ടെന്ന് പിടിക്കുന്നത്. എണ്ണയുടെയും ഗ്രീസിന്റെയും പാടുകള്‍ നീക്കം ചെയ്യാന്‍ ബുദ്ധിമുട്ടാണ് എന്നത് സത്യമാണ്. എന്നാല്‍ അത് അസാധ്യമാണ് എന്ന് അര്‍ത്ഥമില്ല. എണ്ണക്കറ പിടിച്ചാല്‍ പെട്ടെന്ന് തന്നെ അത് നീക്കം ചെയ്യണം എന്നതാണ് ആദ്യം ചെയ്യേണ്ടത്. കറയുള്ള ഭാഗത്ത് സോപ്പ് തേച്ച ശേഷം കൈകൊണ്ട് നന്നായി ഉരക്കുക. അതിന് ശേഷം ഒരു ടേബിള്‍സ്പൂണ്‍ ബേക്കിംഗ് സോഡ സോപ്പിന് മുകളില്‍ പുരട്ടി രണ്ട് മിനിറ്റ് സ്‌ക്രബ് ചെയ്യുക. ഒരു മണിക്കൂര്‍ അങ്ങനെ തന്നെ വെച്ച ശേഷം കഴുകി നോക്കാം.വസ്ത്രങ്ങളില്‍ നിന്ന് രക്തക്കറ നീക്കം ചെയ്യുക എന്നത് പലര്‍ക്കും ശ്രമകരമാണ്. ഇത്തരം കറ വസ്ത്രത്തില്‍ പിടിച്ചാലുടന്‍ തണുത്ത വെള്ളത്തില്‍ മുക്കിവയ്ക്കുക. അതിന് ശേഷം അല്‍പം ഹൈഡ്രജന്‍ പെറോക്‌സൈഡോ ബേക്കിംഗ് സോഡയോ കറയുള്ള ഭാഗത്ത് പുരട്ടുക. അതിന് ശേഷം വീണ്ടും വസ്ത്രം തണുത്ത വെള്ളത്തില്‍ കഴുകുക. വസ്ത്രങ്ങളില്‍ നിന്ന് വിയര്‍പ്പ് കറ നീക്കം ചെയ്യേണ്ടതിന് മറ്റൊരു മാര്‍ഗമാണ് സ്വീകരിക്കേണ്ടത്.
കാല്‍ കപ്പ് വെള്ള വിനാഗിരിയെടുത്ത് ഒരു കപ്പ് വെള്ളത്തില്‍ ഒരു ലായനി ഉണ്ടാക്കുക. ഇത് ഉപയോഗിച്ച് വിയര്‍പ്പ് കറയുള്ള ഭാഗം മാത്രം നനയ്ക്കുകയോ വസ്ത്രം പൂര്‍ണ്ണമായും മുക്കിവെക്കുകയോ ചെയ്യുക. 30 മിനിറ്റ് നേരം ഇങ്ങനെയിരിക്കട്ടെ. അതിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക. വസ്ത്രത്തില്‍ പിടിച്ചിരിക്കുന്ന ചായയുടേയും കാപ്പിയുടെയും കറ എങ്ങനെ നീക്കം ചെയ്യാമെന്ന് നോക്കാം. ചൂടുവെള്ളത്തില്‍ കറ പുരണ്ട വസ്ത്രം പൂര്‍ണ്ണമായി മുക്കുക. മൃദുവായ അലക്കു സോപ്പ് ഉപയോഗിച്ച് കഴുകി കളയാം. അല്ലെങ്കില്‍ ഒരു കപ്പ് വെള്ളത്തിലേക്ക് കാല്‍ കപ്പ് വെള്ള വിനാഗിരി ഒഴിച്ചുണ്ടാക്കുന്ന ലായനി കറയുള്ള ഭാഗത്ത് പുരട്ടി കഴുകി കളഞ്ഞാലും മതി.