മുംബൈ: ബോംബെ ഐ.ഐ.ടി കാന്‍റീനിൽ ഭക്ഷണത്തിന്‍റെ പേരിൽ വിവേചനം കാട്ടുന്നതിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്ന വിദ്യാർഥികളോടാണ് വിവേചനം. ‘വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവർ മാത്രമേ ഇവിടെ ഇരിക്കാൻ പാടുള്ളൂ’ എന്നെഴുതിയ പോസ്റ്ററുകൾ കാന്‍റീനിൽ പതിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ ഇത് വലിയ ചർച്ചകൾക്കും വഴിവെച്ചു.കാന്‍റീനിൽവെച്ച് നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിച്ചതിന് ഒരു കൂട്ടം വിദ്യാർഥികൾ അപമാനിച്ചതായി ഒരു വിദ്യാർഥി പരാതിപ്പെട്ടിരുന്നു. കാന്‍റീനിൽ വിവിധ ഭക്ഷണക്കാർക്ക് പ്രത്യേകം ഇരിപ്പിടമൊന്നും ഇല്ലാത്ത സാഹചര്യത്തിൽ ഒരു വിഭാഗം വിദ്യാർഥികൾ മനപ്പൂർവം വിഭാഗീയത സൃഷ്ടിക്കാനായാണ് നോൺ-വെജിറ്റേറിയൻസിന് വിലക്കേർപ്പെടുത്തിയത്.വെജിറ്റേറിയൻമാർക്ക് വൃത്താകൃതിയിലുള്ള പ്ലേറ്റുകളും നോൺ-വെജിറ്റേറിയൻമാർക്ക് ചതുരാകൃതിയിലുള്ള പ്ലേറ്റുകളുമാണ് ക്യാമ്പസിലെ ചില കാന്‍റീനുകളിൽ ഉപയോഗിക്കുന്നതെന്നും മാംസവും വെജിറ്റേറിയൻ ഭക്ഷണവും പാകം ചെയ്യുന്നതിന് പ്രത്യേകം അടുപ്പുകൾ ഇവിടെയുണ്ടെന്നും വിദ്യാർഥികൾ ആരോപണമുന്നയിച്ചിരുന്നു.
ഇപ്പോഴത്തെ വിവാദങ്ങളിൽ വിശദീകരണവുമായി ഹോസ്റ്റൽ അധികൃതർ രംഗത്തെത്തിയിരിക്കുകയാണ്. ഹോസ്റ്റലിലെ താമസക്കാർക്ക് ഇ-മെയിൽ വഴി അയച്ച വിശദീകരണത്തിൽ, നിലവിലെ വിവാദം തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണെന്നാണ് പറയുന്നത്. വെജിറ്റേറിയൻ കഴിക്കുന്നവർക്ക് മാത്രമായി പ്രത്യേകം ഇരിക്കാനുള്ള സ്ഥലമൊന്നും ഇല്ല. എന്നാൽ, ഇത്തരം സ്ഥലങ്ങൾ പ്രത്യേകം ഉണ്ടാക്കിയെടുക്കുന്നതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. ഈ സ്ഥലത്തുനിന്ന് നോൺ-വെജിറ്റേറിയൻമാരെ ഒഴിവാക്കുന്നതായും വിവരമുണ്ട്. ഇത്തരം രീതികൾ ഒരിക്കലും അംഗീകരിക്കാനാവില്ല. സഹവർത്തിത്വത്തിനും പരസ്പര ബഹുമാനത്തിനും എതിരാണ് ഇത്തരം രീതികൾ. ഒരു പ്രത്യേക വിഭാഗത്തിന് മാറ്റിവെച്ചതാണെന്ന് കാട്ടി ഒരു വിദ്യാർഥിയെയും ഇരിക്കാൻ അനുവദിക്കാതിരിക്കാൻ ആർക്കും അവകാശമില്ലെന്നും ഹോസ്റ്റൽ അധികൃതർ വ്യക്തമാക്കി.