തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശസ്‌ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ കോഴിക്കോട് സ്വദേശിനി ഹർഷീനയ്‌ക്ക് നീതിയുറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കേരള മെഡി. വിദ്യാഭ്യാസ ഭേദഗതി ബിൽ സബ്‌ജക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രമേയത്തിന്റെ ചർച്ചയ്‌ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. മെഡിക്കൽ വിദ്യാഭ്യാസവകുപ്പിന്റെ രണ്ടു റിപ്പോർട്ടും തള്ളിയശേഷമാണ് പൊലീസ് അന്വേഷണത്തിന് നിർദേശം നൽകിയത്. കത്രിക വയറ്റിൽ കുടുങ്ങിയത് തെളിയിക്കാൻ കഴിയില്ലെന്ന റിപ്പോർട്ട് അംഗീകരിക്കാനാകില്ല. ചികിത്സപ്പിഴവ് ഉണ്ടായത് എവിടെനിന്നെന്ന് കണ്ടെത്തി ഹർഷീനയ്‌ക്ക് നീതിയുറപ്പാക്കും. ഹൃദ്യം പദ്ധതി കൂടുതൽ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കും. പദ്ധതിക്കെതിരെ ബോധപൂർവമായ വാർത്ത വന്നപ്പോൾ പൊതുസമൂഹം ഒറ്റക്കെട്ടായി അതിനെതിരെ നിലപാട് സ്വീകരിച്ചെന്നും മന്ത്രി പറഞ്ഞു. മെഡി. വിദ്യാഭ്യാസ നിയമത്തിൽ മെഡി. കൗൺസിൽ ഓഫ് ഇന്ത്യ എന്നതിനു പകരം നാഷണൽ മെഡിക്കൽ കമീഷൻ എന്ന് പുതുക്കി നിശ്ചയിക്കുന്ന ബിൽ സബ്‌ജക്ട് കമ്മിറ്റിയുടെ പരിഗണനയ്‌ക്ക് വിട്ടു.