മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വ്യക്തിപരമായ വിശേഷങ്ങളും അനുഭവങ്ങളുമെല്ലാം താരങ്ങള്‍ തുറന്നുപറയുന്നൊരു ട്രെൻഡ് നിലവിലുണ്ട്. പ്രത്യേകിച്ച് ബോളിവുഡ് താരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ കുടുംബവുമായും വ്യക്തിപരമായുമെല്ലാം ബന്ധപ്പെട്ട കാര്യങ്ങള്‍ പലപ്പോഴും മറയില്ലാതെ ആരാധകരുമായി പങ്കിടാറുള്ളത്. ഈ അടുത്ത ദിവസം ബോളിവുഡ് താരം ബിപാഷ ബസു, തന്‍റെ കുഞ്ഞ് ഹൃദയസംബന്ധമായ പ്രശ്നങ്ങളോടെയാണ് പിറന്നതെന്ന് വെളിപ്പെടുത്തിയത് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുപോലെ തന്നെ മാനസികാരോഗ്യപ്രശ്നങ്ങളെ കുറിച്ച് നിരന്തരം സംസാരിക്കുന്ന, ദീപിക പദുകോണിനെ പോലെയുള്ള – ബോഡി ഷെയിമിംഗിനെ കുറിച്ച് സംസാരിക്കുന്ന വിദ്യാബാലനെ പോലെയുള്ള നിരവധി താരങ്ങള്‍ ബോളിവുഡിലുണ്ട്.
പലരും കരിയറില്‍ വിജയിച്ച ശേഷം തന്നെയാണ് തങ്ങള്‍ വന്ന വഴികളില്‍ നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കുന്നത്. ഇപ്പോഴിതാ ഇതേ രീതിയില്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് താനനുഭവിച്ചൊരു വേദനയെ കുറിച്ച് പരസ്യമായി പങ്കുവയ്ക്കുകയാണ് ബോളിവുഡ് താരം റാണി മുഖര്‍ജി. തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രമോഷൻ പരിപാടിക്കിടെയാണ് റാണി മുഖര്‍ജി ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. താൻ ആദ്യമായാണ് ഇത് പുറത്ത് പറയുന്നതെന്നു അത് സിനിമയുടെ പ്രമോഷന് വേണ്ടിയാണെന്ന് കരുതരുതെന്നും റാണി പറയുന്നു. 2020ല്‍ താൻ രണ്ടാമതായും ഗര്‍ഭിണിയായി. എന്നാല്‍ അഞ്ച് മാസം മാത്രമേ ആ കുഞ്ഞിന് ജവിക്കാൻ സാധിച്ചുള്ളൂ. അഞ്ചാം മാസത്തില്‍ ആ കുഞ്ഞിനെ നഷ്ടപ്പെട്ടു. ആ സംഭവമുണ്ടായി പത്ത് ദിവസം കഴിഞ്ഞപ്പോഴാണ് ഈ ചിത്രത്തിലേക്കുള്ള വിളി വരുന്നത്.
കഥ കേട്ടപ്പോള്‍ താനാകെ സ്തബ്ധയായിപ്പോയി എന്നും റാണി പറയുന്നു. കാരണം തന്‍റെ അനുഭവവുമായി ചേര്‍ത്തുവയ്ക്കാവുന്ന കഥയാണ് ചിത്രത്തിന്‍റേത് എന്നാണ് റാണി അവകാശപ്പെടുന്നത്. ചില സമയങ്ങളില്‍ സിനിമ അങ്ങനെയാണ്, ജീവിതത്തില്‍ നമ്മള്‍ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ഒരു ആശ്വാസമായി ചില പ്രോജക്ടുകള്‍ എത്തും അത് അത്ഭുതകരമാണ് എന്നും റാണി പറയുന്നു. സംവിധായകനും നിര്‍മ്മാതാവുമെല്ലാമായ ആദിത്യ ചോപ്രയാണ് റാണിയുടെ ജീവിതപങ്കാളി. ഇരുവരും 2014ലാണ് വിവാഹിതരാകുന്നത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം ഇവര്‍ക്കൊരു പെണ്‍കുഞ്ഞ് പിറന്നു. ഇതിന് ശേഷം 2020ല്‍ രണ്ടാമതായി ഗര്‍ഭിണിയാവുകയായിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ആ കുഞ്ഞിനെ നഷ്ടപ്പെട്ട അനുഭവമാണ് റാണി പങ്കുവച്ചത്.