കൊൽക്കത്ത: അഴിമതിക്കെതിരായ ആഗോള പോരാട്ടത്തിന് നേതൃത്വം നൽകാനുള്ള അവസരമാണ് ജി 20 അഴിമതി വിരുദ്ധ മന്ത്രിതല യോഗത്തിലൂടെ രാജ്യത്തിന് ലഭിച്ചതെന്ന് കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗ്. അഴിമതി വെച്ചുപൊറുപ്പിക്കാത്ത ഇന്ത്യയുടെ സമീപനം അന്താരാഷ്ട്ര സമീപനത്തോടൊത്തുപോകുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. യോഗത്തിൽ സ്വത്ത് കണ്ടുകെട്ടൽ, പരസ്പര നിയമ സഹായം എന്നീകാര്യങ്ങളിൽ പുരോഗതിയുണ്ടാകാൻ നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിലെ നിയമപരമായ പഴുതുകൾ മുതലെടുത്ത് സാമ്പത്തിക കുറ്റവാളികൾ രക്ഷപ്പെടാൻ ശ്രമിക്കുന്നത് അന്വേഷണ ഏജൻസികൾക്ക് വെല്ലുവിളി ഉയർത്തുന്നു. നിയമ നിർവഹണ സഹകരണം, വിവരങ്ങൾ പങ്കിടൽ, ആസ്തി വീണ്ടെടുക്കൽ എന്നിവയിൽ സമവായം ഉണ്ടാക്കുന്നതിൽ ജി 20 അഴിമതി വിരുദ്ധ യോഗം വിജയിച്ചതായും മന്ത്രി പറഞ്ഞു. വികസനത്തോടുള്ള പ്രധാനമന്ത്രി മോദിയുടെ ജനപക്ഷ സമീപനത്തിന്റെ ആണിക്കല്ല് അഴിമതി നിർമാർജനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊൽക്കത്തയിൽ നടന്ന രണ്ടാം ജി 20 അഴിമതി വിരുദ്ധ മന്ത്രിതല യോഗത്തിന്റെ ഉദ്ഘാടന സെഷനിൽ സംസാരിക്കുകയായിരുന്നു ഡോ ജിതേന്ദ്ര സിംഗ്.