കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മണിപ്പൂരില്‍ അതിക്രമം അഴിച്ചുവിടുന്നവര്‍ക്കെതിരെ കേന്ദ്രം ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന മോദിക്ക് അഴിമതിയെക്കുറിച്ച് സംസാരിക്കാനാകില്ലെന്നും മമത കുറ്റപ്പെടുത്തി. ജി 20 അഴിമതി വിരുദ്ധ മന്ത്രിതല യോഗത്തില്‍ രാജ്യത്ത് അഴിമതിക്കെതിരെ സീറോ ടോളറന്‍സ് നയമാണ് നിലനില്‍ക്കുന്നതെന്ന് മോദി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മമത ബാനര്‍ജിയുടെ പ്രതികരണം.
രാജ്യത്ത് പാവപ്പെട്ട ജനങ്ങള്‍ ജീവിക്കണമെന്ന് ബിജെപിക്ക് താല്‍പ്പര്യമില്ലാത്തതിനാലാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തെ തെളിവുകളില്ലാതെ കുറ്റപ്പെടുത്തുന്നതെന്ന് ടി.എം.സി അധ്യക്ഷ മമത ബാനര്‍ജി പറഞ്ഞു. പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഒരു തെളിവുമില്ലാതെയാണ് അദ്ദേഹം സംസാരിക്കുന്നത്. ബിജെപി സര്‍ക്കാരിനെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പിഎം കെയര്‍ ഫണ്ട്, റഫാല്‍ ഇടപാട്, നോട്ട് നിരോധനം തുടങ്ങിയ പ്രശ്‌നങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നതിനാല്‍ പ്രധാനമന്ത്രിക്ക് അഴിമതിയെക്കുറിച്ച് സംസാരിക്കാനാവില്ലെന്നും മമത പറഞ്ഞു.