കല്‍പ്പറ്റ: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം നാടുകടത്തി. കേണിച്ചിറ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന പൂതാടി മുണ്ടക്കല്‍ വീട്ടില്‍ കണ്ണായി എന്ന എംജി നിഖില്‍ (32) നെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ അനുസരിച്ച് ആറ് മാസത്തേക്ക് വയനാട് റവന്യൂ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി നാടുകടത്തിയത്. നരഹത്യാ ശ്രമം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങി കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ വിവിധ കേസുകളില്‍ പ്രതിയായ നിഖില്‍ നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് പൊതുജനങ്ങളുടെ സ്വൈര്യജീവിതത്തിനും സമാധാനത്തിനും തടസം സ്യഷ്ടിക്കുന്ന വ്യക്തിയാണെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്. ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ആണ് ഉത്തരവിറക്കിയത്. ഉത്തരവ് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചാല്‍ റിമാന്‍ഡ് ചെയ്യുന്നതടക്കമുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ല പോലീസ് മേധാവി അറിയിച്ചു.