താനെ: മഹാരാഷ്ട്രയിലെ താനെയിൽ മുനിസിപ്പൽ ആശുപത്രിയിൽ രോഗികളുടെ കൂട്ടമരണം. ദിവസങ്ങൾക്കിടെ 17 രോഗികളാണ് ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും കൂട്ടമരണമുണ്ടായെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ താനെ മുനിസിപ്പൽ കോർപ്പറേഷൻ അന്വേഷണം പ്രഖ്യാപിക്കുകയും, മഹാരാഷ്ട്ര സർക്കാർ ഉന്നത തല സമിതിയെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. വീഴ്ച സംഭവിച്ചിട്ടുണ്ടങ്കിൽ നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര മന്ത്രി ദീപക് കേസർക്കർ ഉറപ്പ് പറഞ്ഞു. താന്നെയിലെ കാൽവയിലുള്ള ഛത്രപതി ശിവജി മഹാരാജ് അശുപത്രിയിലാണ് രോഗികളുടെ കൂട്ടമരണം സംഭവിച്ചത്. ആറ് രോഗികൾ മരിച്ചത് ആശുപത്രിയിൽ പ്രവേശിപ്പിച്ച് 24 മണിക്കുറിനുള്ളിലായിരുന്നു.
ആശുപത്രി അധികൃതരുടെ അനസ്ഥ മൂലമാണ് കൂട്ടമരണമുണ്ടായതെന്ന് മരിച്ചവരുടെ ബന്ധുക്കൾ അരോപിച്ചു. മഹാരാഷ്ട്രയിലെ താനെയിലുള്ള ഈ ആശുപത്രി താനെ പ്രദേശത്തുള്ള എറ്റവും പ്രധാനപ്പെട്ട സർക്കാർ ആശുപത്രികളിലോന്നാണ്. അതുകൊണ്ട് തന്നെ ഈ ആശുപത്രിയിലേക്ക് സമീപ ജില്ലകളിലെ രോഗികൾ പോലും വരാറുണ്ട്. രോഗികളെ ഐ സി യു വിൽ പ്രവേശിപ്പിക്കണമെന്ന് അവശ്യപ്പെട്ടിരുന്നെങ്കിലും ആശുപത്രി അധികൃതർ അതിന് തയ്യാറായില്ല എന്നാണ് മരിച്ചവരുടെ ബന്ധുക്കൾ ആരോപിക്കുന്നത്.മഹാരാഷ്ട്രയിലെ പ്രധാന പ്രതിപക്ഷ പാർട്ടികളിലൊന്നായ എൻ സി പി സംഭവത്തിൽ സർക്കാരിനെതിരെ രംഗത്തുവന്നിട്ടുണ്ട്. താനെയിൽ നിന്നുള്ള എം എൽ എ കൂടിയായ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ മറുപടി പറയണമെന്നാണ് എൻ സി പി ആവശ്യപ്പെട്ടത്. 20 വർഷമായി താനെ മുനിസിപ്പാലിറ്റി ഇപ്പോൾ മുഖ്യമന്തിയായിട്ടുള്ള ഏക്നാഥ് ഷിൻഡെയുടെ നിയന്ത്രണത്തിലാണെന്നും എൻ സി പി അഭിപ്രായപ്പെട്ടു.