മുംബൈ: 17 കാരനായ വിദ്യാർഥിയുടെ കുത്തേറ്റ് എൻട്രൻസ് പരിശീലന ക്ലാസ് അധ്യാപകന് ഗുരുതര പരിക്ക്. അധ്യാപകൻ രാജു താക്കൂർ(26) ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാർഥി പിന്നീട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. മുംബൈയിലെ മിറ റോഡിൽ വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം.മിറ റോഡിലെ തെങ്കരാർപാറയിൽ താക്കൂർ അക്കാദമി എന്ന പേരിൽ രാജു എൻട്രൻസ് പരിശീലന കേന്ദ്രം നടത്തുന്നുണ്ട്. എട്ട്, മുതൽ പ്ലസ്ടു ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ട്യൂഷനും ഉണ്ടിവിടെ. അധ്യാപകനെ കുത്തിപ്പരിക്കേൽപിച്ച വിദ്യാർഥിയെ കറക്ഷൻ ഹോമിലേക്ക് മാറ്റി. പഠനത്തിൽ ശ്രദ്ധിക്കാത്തതിൽ കുട്ടിയെ രാജു ശാസിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കുത്തിയതെന്നാണ് കരുതുന്നത്.
വ്യാഴാഴ്ച ഉച്ചക്ക് അക്കാദമിക്ക് സമീപം മറ്റ് കുട്ടികളോട് സംസാരിച്ചു നിൽക്കുമ്പോഴാണ് രാജുവിന് കുത്തേറ്റത്. രാജുവിനെ കുത്തുന്നത് തടയാൻ മറ്റ് വിദ്യാർഥികളും ശ്രമിച്ചു. എന്നാൽ കുട്ടി അധ്യാപകന്റെ വയറ്റിലും പുറത്തും തുരുതുരെ കത്തികൊണ്ടു കുത്തുകയായിരുന്നു. തുടർന്ന് വിദ്യാർഥി സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. രാജു താക്കൂറിനെ ആശുപത്രിയിലേക്കും കൊണ്ടുപോയി. പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ കുട്ടിയുടെ കൈയിൽ നിന്ന് കുത്താനുപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തു. ചികിത്സയിൽ കഴിയുന്ന രാജുവിന്റെ നില മെച്ചപ്പെട്ടതായും പൊലീസ് പറഞ്ഞു.