ബംഗളൂരു: നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജിനെതിരെ വധഭീഷണി മുഴക്കി സംഘ് പരിവാർ നേതാവ്. 24 മണിക്കൂറിനകം ശവമഞ്ചം നടന്‍റെ വീടിന് മുന്നിലുണ്ടാകുമെന്നാണ് ഭീഷണി. ഇതിന്‍റെ വീഡിയോ സംഘ് പരിവാർ നേതാവ് തന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.സൗജന്യ വധക്കേസുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തിൽ പ്രകാശ് രാജ് പറഞ്ഞ മറുപടിയിൽ പ്രകോപിതനായി സംഘ് പരിവാർ നേതാവ് സന്തോഷ് കർതാലാണ് വധ ഭീഷണി. മുഴക്കിയത്. വിഷയത്തിൽ അന്വേഷണ സംഘത്തിന് എന്തെങ്കിലും താൽപര്യമുണ്ടെങ്കിൽ ബന്ധപ്പെട്ട പുരോഹിതനെക്കുറിച്ച് അന്വേഷിക്കണമെന്നാണ് പ്രകാശ് രാജ് അഭിമുഖത്തിൽ ആവശ്യപ്പെട്ടത്. ഇതാണ് സംഘ് പരിവാർ നേതാവിനെ ചൊടിപ്പിച്ചത്.
മതനേതാക്കളോട് മാപ്പ് പറഞ്ഞില്ലെങ്കിൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരും, അല്ലെങ്കിൽ 24 മണിക്കൂറിനകം നിങ്ങളുടെ ശവമഞ്ചം വീടിന് മുന്നിലുണ്ടാകും -എന്ന് തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ സന്തോഷ് കർതാൽ പറയുന്നു.അതേസമയം, വധഭീഷണിയിൽ പ്രതികരിച്ച് പ്രകാശ് രാജ് രംഗത്തെത്തി. അവരെന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു എന്ന കുറിപ്പ് സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച അദ്ദേഹം, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ, ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വർ, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്.