അമേരിക്കയിലെ യുവാക്കൾക്കിടയിൽ കാൻസർ വർധിച്ചുവരുന്നതായി പുതിയ പഠനം. ചെറുപ്പക്കാരായ അമേരിക്കക്കാരിൽ പ്രത്യേകിച്ച് സ്ത്രീകളിൽ ഗ്യാസ്ട്രോഇന്റസ്റ്റൈനൽ, എൻഡോക്രൈൻ, സ്തനാർബുദം എന്നിവ അതിവേഗം വർധിക്കുന്നുതായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. JAMA നെറ്റ്വർക്ക് ഓപ്പണിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. ‘ 30നും 39നും ഇടയിൽ പ്രായമുള്ളവരിലാണ് ഏറ്റവും വലിയ വർദ്ധനവ്. എന്ത് കൊണ്ടാണ് കാൻസർ ബാധിതരുടെ എണ്ണം അതിവേഗം വർദ്ധിച്ചതെന്നതിനെ സംബന്ധിച്ച് കൂടുതൽ ഗവേഷണം നടത്തേണ്ടത് പ്രധാനമാണ്…’ – NYU ലാങ്കോണിന്റെ പെർൽമുട്ടറിലെ ഗ്യാസ്ട്രോഇന്റസ്റ്റൈനൽ മെഡിക്കൽ ഓങ്കോളജി പ്രോഗ്രാം ഡയറക്ടർ പോൾ ഒബെർസ്റ്റീൻ പറഞ്ഞു.
‘രോഗം അതിവേഗം വർദ്ധിക്കുന്നതിന്റെ കാരണം എന്താണെന്ന് മനസിലായില്ലെങ്കിൽ സമയം കഴിയുന്തോറും അത് വലിയൊരു വെല്ലുവിളിയായി മാറുമോ എന്നതിനെ സംബന്ധിച്ച് ഞങ്ങൾ ഭയപ്പെടുന്നു…’ – പോൾ പറഞ്ഞു.
മദ്യപാനം, പുകവലി, മോശമായ ഉറക്കം, ഉദാസീനത എന്നിവ പോലുള്ള ജീവിതശൈലി ഘടകങ്ങൾ ചെറുപ്പക്കാർക്കിടയിൽ കാൻസർ വർദ്ധിക്കുന്നതിന് ചില കാരണങ്ങളാണെന്ന് വിദഗ്ധർ പറയുന്നു. മലിനീകരണം, അർബുദമുണ്ടാക്കുന്ന രാസവസ്തുക്കൾ എന്നിവയുമായി സമ്പർക്കം പുലർത്തുന്നത് ഉൾപ്പെടെയുള്ള പാരിസ്ഥിതിക ഘടകങ്ങളും പ്രധാന പങ്ക് വഹിക്കുന്നു. 2010 നും 2019 നും ഇടയിൽ യുഎസിലെ 560,000-ലധികം രോഗികളിൽ നിന്നുള്ള ഡാറ്റ ഗവേഷകർ വിശകലനം ചെയ്തു. 50 വയസ്സിന് താഴെയുള്ളവരെ ബാധിക്കുന്ന ക്യാൻസറുകൾ ഏതൊക്കെയാണെന്നും പരിശോധിച്ചു. ചിലതരം കാൻസറുകളിൽ കാര്യമായ വർദ്ധനവുണ്ടായതായി പഠനത്തിൽ മനസിലായി. സ്തനാർബുദമാണ് കൂടുതലായി റിപ്പോർട്ട് ചെയ്തതു.
ചെറുപ്പക്കാരിലാണ് ഏറ്റവും കൂടുതൽ കാൻസർ കേസുകളുള്ളതെന്നും കണ്ടെത്തിയെന്ന് സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറും നാഷണൽ യൂണിവേഴ്സിറ്റിയിലെ ട്രാൻസ്പ്ലാൻറ് ഹെപ്പറ്റോളജിസ്റ്റുമായ ഡാനിയൽ ഹുവാങ് പറഞ്ഞു. വൻകുടൽ കാൻസർ കേസുകളിൽ അഞ്ചിൽ ഒന്ന് 55 വയസ്സിന് താഴെയുള്ളവരിലാണ് സംഭവിക്കുന്നതെന്ന് യുഎസിലെ അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ സമീപകാല റിപ്പോർട്ടിൽ പറയുന്നു. യുഎസിൽ ഓരോ വർഷവും 1.9 ദശലക്ഷം പുതിയ കാൻസർ കേസുകൾ കണ്ടെത്തുന്നതായും ഗവേഷകർ പറയുന്നു.