കൊച്ചി : അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഫോൺ കോൾ റെക്കോർഡുകൾ പരിശോധിക്കാൻ അന്വേഷണ സംഘം. ദിലീപടക്കം അഞ്ച് പ്രതികളുടെ ഫോൺ വിളിയുടെ വിശദാംശങ്ങളാണ് ശേഖരിക്കുക. ഒരാഴ്ചത്തെ ഫോൺ കോളുകളാണ് പരിശോധിക്കുന്നത്. സാക്ഷികൾ ഉൾപ്പെടെ ഇവർ ആരെയൊക്കെ ബന്ധപ്പെട്ടു എന്നന്വേഷിക്കും. അങ്ങനെ പരസ്പരം ഫോൺ വിളിച്ചു എന്ന് ബോധ്യപ്പെട്ടാൽ അന്വേഷണ സംഘത്തിന് അത് കൂടുതൽ തെളിവാകും. ഇന്നലെ ചോദ്യം ചെയ്ത സൂരജ്, ബൈജു, അപ്പു എന്നിവരുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. ഇതിലെ വിശദാംശങ്ങളും പരിശോധിക്കുന്നുണ്ട്. ഇതിലെ ഡിജിറ്റൽ തെളിവുകളുടെ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനെ ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസവും തുടരുകയാണ്. പ്രതികളുടെ മൊഴികളിലെ വൈരുധ്യങ്ങൾ മുൻ നിർത്തിയാണ് ഇന്നത്തെ ചോദ്യം ചെയ്യൽ എന്നാണ് സൂചന. ചോദ്യം ചെയ്യൽ എങ്ങനെവേണമെന്നത് സംബന്ധിച്ച രൂപരേഖ ഇന്നലെ വൈകുന്നേരം തന്നെ തയാറാക്കിയിരുന്നു. ആരോപണങ്ങളെല്ലാം നിഷേധിക്കുന്ന നിലപാടാണ് ആദ്യദിവസത്തെ ചോദ്യം ചെയ്യലിൽ ദിലീപിന്‍റേതെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറയുന്നത്.അഞ്ച് പൊലീസ് സംഘങ്ങളാണ് അഞ്ച് പ്രതികളേയും വേവ്വേറെ ഇരുത്തി മൊഴിയെടുക്കുന്നത്.എസ്പി മോഹനചന്ദ്രന്‍റെ നേതൃത്വത്തിൽ ആണ് മൊഴി എടുക്കൽ.