കോഴിക്കോട് : സംസ്ഥാനമൊട്ടാകെ തോട്ടഭൂമികളില്‍ ഭൂപരിഷ്‌കരണ നിയമം അട്ടിമറിച്ച് അനധികൃത നിര്‍മാണങ്ങള്‍ തകൃതിയായി നടന്നുകൊണ്ടിരിക്കുമ്പോളും ഉറക്കം നടിച്ച് സംസ്ഥാന ലാന്‍ഡ് ബോര്‍ഡ്. താലൂക്ക് ലാന്‍ഡ് ബോര്‍ഡുകളിലെ നിയമ നടപടികള്‍ അനന്തമായി നീളുന്നത് നിയമലംഘര്‍ക്ക് പ്രോത്സാഹനമാണ്. ഭൂപരിധിയില്‍ ഇളവ് നല്‍കിയ തോട്ടങ്ങളുടെ രേഖകള്‍ വില്ലേജുകളിലില്ലാത്തതും കാര്യങ്ങള്‍ സങ്കീര്‍ണമാക്കുന്നു. ഭൂപരിഷ്‌കരണ നിയമത്തെ തീര്‍ത്തും പരിഹാസ്യമാക്കിയാണ് ഈ നിയമ പ്രകാരം ഇളവു നല്‍കി നിലനിര്‍ത്തിയ തോട്ടങ്ങള്‍ ഇടിച്ചു നിരത്തുന്നതും മുറിച്ച് വില്‍ക്കുന്നതും. ഭൂപരിധി ലംഘിച്ച് അധിക ഭൂമി കൈവശംവയ്ക്കുന്ന പി.വി. അന്‍വറിനെതിരെ കോടതി നിര്‍ദേശമുണ്ടായിട്ടും ചെറുവിരലനക്കാത്ത താമരശേരി ലാന്‍ഡ് ബോര്‍ഡിന് കീഴില്‍ തന്നെയാണ് കോടഞ്ചേരിയിലെ നിയമലംഘനങ്ങള്‍ നടക്കുന്നത്.
ഭൂപരിഷ്‌കരണ നിയമ പ്രകാരം ഇളവ് നേടിയ തോട്ടങ്ങള്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നുകാട്ടി കോഴിക്കോട് ജില്ലയിലെ കുമാരനെല്ലൂര്‍ വില്ലേജില്‍ വില്ലേജ് ഓഫീസര്‍ ബോര്‍ഡ് സ്ഥാപിച്ചു. ഇത്തരം ഒറ്റപ്പെട്ട ചെറുത്തുനില്‍പ്പുകള്‍ മാറ്റിനിര്‍ത്തിയാല്‍ സംസ്ഥാനത്ത് ഒട്ടുമിക്കയിടത്തും ഭൂപരിഷ്‌കരണ നിയമത്തിന്റെ ലംഘനം ചെറുക്കാന്‍ ആരും ചെറുവിരലനക്കുന്നില്ല. ഇളവ് അനുവദിച്ച തോട്ടഭൂമികളുടെ കൃത്യമായ രേഖകള്‍ പലയിടത്തുമില്ല എന്നതാണ് ക്രമക്കേടിന് മുഖ്യകാരണം. കോടഞ്ചേരി വില്ലേജ് ഓഫീസര്‍ സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിക്ക് കത്തയച്ചതും ഇതേ പ്രശ്‌നം ചൂണ്ടിക്കാട്ടിയായിരുന്നു. തോട്ടഭൂമിക്ക് ഇളവ് നല്‍കിയാല്‍ അത് കൃഷിയിടങ്ങളായി തന്നെ നിലനിര്‍ത്തണമെന്ന് കര്‍ശന വ്യവസ്ഥയുണ്ട്. ഇത്തരം ഭൂമി നിര്‍മാണ ആവശ്യത്തിനോ മറ്റെന്തിങ്കിലും ആവശ്യത്തിനോ തരം മാറ്റിയാല്‍ അത് മിച്ചഭൂമിയായി ഏറ്റെടുക്കണമെന്ന് ഭൂപരിഷ്‌കരണ നിയമം നിഷ്‌കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ ഭൂപരിഷ്‌കരണ നിയമത്തെക്കുറിച്ച് ഏറ്റവും കൂടുതല്‍ വാചലരാകുന്ന ഇടത് മുന്നണി ഭരിക്കുമ്പോള്‍ തന്നെയാണ് ഇത്തരത്തില്‍ വന്‍ തട്ടിപ്പുകള്‍ നടക്കുന്നതെന്ന കാര്യം പലരും മറയ്ക്കുകയാണ്.