യൂറോപ്പ് : കൊവിഡിന്റെ പുതിയ ഉപ വകഭേദമായ ബി എ 2 ഇന്ത്യ അടക്കം നിരവധി രാജ്യങ്ങളില്‍ പകരുന്നതായി ഗവേഷകര്‍. ഒമിക്രോണിന്റെ ആദ്യ രൂപത്തെക്കാള്‍ പകര്‍ച്ച ശേഷി കൂടിയതാണ് ഈ പുതിയ വൈറസ് എന്നെന്നും ഗവേഷകര്‍ പറയുന്നു. അതേസമയം, യൂറോപ്പില്‍ ഇപ്പോഴുള്ള ഒമിക്രോണ്‍ തരംഗത്തോടെ കൊവിഡിന്റെ രൂക്ഷത അവസാനിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്യന്‍ ഡയറക്റ്റര്‍ അറിയിച്ചു. മാര്‍ച്ചോടെ യൂറോപ്പിലെ 60 ശതമാനം ആളുകളും രോഗികളാകും. എല്ലാവരും വാക്‌സീന്‍ എടുത്തവരോ രോഗം വന്നു പോയവരോ ആകുന്നതോടെ വ്യാപനം ഇല്ലാതാകുമെന്ന് ഡബ്ല്യൂഎച്ച്ഒയുടെ യൂറോപ്യന്‍ ഡയറക്റ്റര്‍ ഹാന്‍സ് ക്‌ളോഗ് പറഞ്ഞു. ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്നത് ഒമിക്രോണിന്റെ സമൂഹ വ്യാപനമാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
ഒമിക്രോണ്‍ സമൂഹ വ്യാപനമായി എന്നാണ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതിയുടെ കണ്ടെത്തല്‍. മെട്രൊ നഗരങ്ങളില്‍ ഒമിക്രോണ്‍ വ്യാപനം കൂടി. ഇപ്പോള്‍ നടക്കുന്നത് സമൂഹ വ്യാപനമാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതി വിലയിരുത്തുന്നത്. ജെനോം സീക്വന്‍സിങ് കണ്‍സോര്‍ശ്യത്തിന്റെ റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം പ്രധാന നഗരങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറയുകയാണ്. ദില്ലിയില്‍ ഒരിടവേളയ്ക്ക് ശേഷം പ്രതിദിന കൊവിഡ് കേസുകള്‍ പതിനായിരത്തിന് താഴെയെത്തി. മുംബൈയിലും കൊല്‍ക്കത്തയിലും മൂവായിരത്തില്‍ കുറവാണ് രോഗികള്‍. കര്‍ണാടകയിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ രോഗവ്യാപന തോത് കാണിക്കുന്ന ആര്‍ നോട്ട് ജനുവരി ആദ്യ ആഴ്ച്ചയേക്കാള്‍ കുറഞ്ഞതായി മദ്രാസ് ഐഐടി നടത്തിയ പഠനത്തില്‍ കണ്ടെത്തി. മദ്രാസ് ഐഐടിയുടെ പഠന പ്രകാരം 2.2 ആയിരുന്ന ആര്‍ നോട്ട് 1.57 ആയാണ് കുറഞ്ഞത്. ഈ നിരക്ക് ഒന്നിന് താഴെ എത്തിയാല്‍ വ്യാപനം കുറഞ്ഞെന്ന് കണക്കാക്കും.