ന്യൂഡൽഹി: രാജ്യസഭയിലെ 12 ശതമാനം എംപിമാർ ശതകോടീശ്വരൻമാരെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്ക് റിഫോംസിന്റെ റിപ്പോർട്ട്. രാജ്യസഭയിൽ നിലവിലുള്ള 223 രാജ്യസഭാ എംപിമാരിൽ 27 പേരാണ് ശതകോടീശ്വരൻമാരായുള്ളത്. ആന്ധ്രയിൽ നിന്നുള്ള 11 എംപിമാരിൽ അഞ്ചുപേർ (45 ശതമാനം) ശതകോടീശ്വര പട്ടികയിലുണ്ട്. തെലങ്കാനയിലെ ഏഴിൽ മൂന്ന് എംപിമാരും (43 ശതമാനം) ശതകോടീശ്വരൻമാരാണ്. തെലങ്കാനയിൽ നിന്നുള്ള ഏഴ് രാജ്യസഭാംഗങ്ങളുടെ ആകെ സ്വത്ത് 5596 കോടി രൂപയാണ്. ആന്ധ്രയിലെ 11 എംപിമാരുടെ ആകെ സ്വത്ത് 3823 കോടിയാണ്.
യുപിയിൽ നിന്നുള്ള മുപ്പത് രാജ്യസഭാംഗങ്ങൾക്കായി 1941 കോടി രൂപയുടെ സ്വത്തുണ്ട്. തെലങ്കാനയിൽ നിന്നുള്ള ടിആർഎസ് എംപി ബണ്ടി പാർത്ഥസാരഥിയാണ് ഏറ്റവും സമ്പന്നനായ രാജ്യസഭാംഗം. ബണ്ടിയുടെ ആകെ സ്വത്ത് 5300 കോടി രൂപയാണ്. 2577 കോടി രൂപ സ്വത്തുള്ള ആന്ധ്രയിൽ നിന്നുള്ള വൈഎസ്‌ആർസിപി അംഗം അയോധ്യ രാമി റെഡ്ഡിയാണ് സ്വത്തിൽ രണ്ടാമൻ. 1001 കോടി രൂപയുടെ സ്വത്തുമായി ജയാ ബച്ചൻ മൂന്നാമതുണ്ട്. കേരളത്തിൽ നിന്നുള്ള സമ്പന്നൻ പി വി അബ്‌ദുൾവഹാബാണ്– 242 കോടി.
രാജ്യസഭയിലെ 41 എംപിമാർക്കെതിരായി ഗുരുതര ക്രിമിനൽ കേസുകളുണ്ട്. രണ്ട് എംപിമാർക്കെതിരായി കൊലപാതക കേസുണ്ട്. സ്‌ത്രീകൾക്കെതിരായ അതിക്രമകേസുകളിൽ നാല് എംപിമാർ ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ കെ സി വേണുഗോപാലിനെതിരെ മാത്രമാണ് ബലാൽസംഗ കേസുള്ളതെന്ന് റിപ്പോർട്ട് പറയുന്നു.