തിരുവനന്തപുരം : കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണെന്നും ആശങ്കയുടെ കാര്യമില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ ജോലിക്കെടുക്കുന്നതിനുള്ള തീരുമാനമെടുത്തിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. ആശുപത്രികളില്‍ ഐസിയു കിടക്കകള്‍ നിറഞ്ഞു എന്ന പ്രചാരണം തെറ്റാണെന്നു മന്ത്രി പറഞ്ഞു. 43 ശതമാനം മാത്രമാണ് ഐസിയു ഉപയോഗം. സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളുടെ ഉപയോഗവും കുറഞ്ഞിട്ടുണ്ട്. കോവിഡ് ഇല്ലാത്ത രോഗികളുടെ ചികിത്സയ്ക്ക് ഒരു പ്രശ്‌നവും ഉണ്ടാകാത്ത രീതിയില്‍ സജ്ജീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡായാലും അല്ലാത്ത രോഗമായാലും ഒരാള്‍ക്കും ചികിത്സ നിഷേധിക്കപ്പെടില്ല. സാധാരണ കിടക്കകളും ഐസിയു കിടക്കകളും എല്ലാ ആശുപത്രികളിലും തയാറാണ്. 24 ആശുപത്രികളില്‍ ക്യാന്‍സര്‍ ചികിത്സയ്ക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്.
രണ്ടാം തരംഗത്തില്‍നിന്ന് മൂന്നാം തരംഗത്തിലെത്തുമ്പോള്‍ 1588 അധിക കിടക്കകള്‍ ഒരുക്കിയതായി മന്ത്രി പറഞ്ഞു. 222 വെന്റിലേറ്ററും 239 ഐസിയുവും അധികമായി തയാറാക്കി. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ് കൂടുന്നതിനാല്‍ ആശുപത്രികളില്‍ കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കാനുള്ള നിര്‍ദേശം നല്‍കി. ആരോഗ്യപ്രവര്‍ത്തകര്‍ സുരക്ഷിതമായി ജോലി ചെയ്യുന്നു എന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പാക്കണം. രോഗികളുടെ കൂടെ ഒരു കൂട്ടിരിപ്പുകാരന്‍ മാത്രമേ ഉണ്ടാകാവൂ. കൂട്ടായ്മകള്‍ ഉണ്ടാകാതിരിക്കാന്‍ ആശുപത്രികള്‍ പ്ലാന്‍ തയാറാക്കണമെന്നും മന്ത്രി പറഞ്ഞു.