ഒന്നര വര്‍ഷമായി തുടരുന്ന റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനിടെ റഷ്യയുടെ തലസ്ഥന നഗരമായ സെന്‍ട്രല്‍ മോസ്കോയില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം. ആക്രമണത്തിന് പിന്നില്‍ യുക്രൈനാണെന്ന് റഷ്യ ആരോപിച്ചു. തലസ്ഥാനമായ കീവ് അടക്കമുള്ള യുക്രൈന്‍റെ പ്രധാനപ്പെട്ട എല്ലാ നഗരങ്ങളിലും റഷ്യ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. എന്നാല്‍ റഷ്യയുടെ തലസ്ഥാന നഗരത്തില്‍ ഇത്രയും വലിയൊരു ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആദ്യമായാണ്.
നഗരത്തിലെ എക്‌സ്‌പോ സെന്‍ററിലായിരുന്നു അക്രമണമുണ്ടായത്. അക്രമണത്തിന് പിന്നാലെ ഡ്രോൺ വെടിവെച്ചിട്ടതായി മേയർ സെർജി സോബിയാനിൻ അറിയിച്ചു. റഷ്യൻ തലസ്ഥാനത്തിന് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ ഏറ്റവും പുതിയതാണ് ഇത്. റഷ്യന്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത ദൃശ്യങ്ങളില്‍ മോസ്കോയുടെ മുകളില്‍ കട്ടിയുള്ള ചാരനിറത്തിലുള്ള പുക ഉയരുന്നതായി കാണാമായിരുന്നെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തോട് യുക്രൈന്‍ ഇതുവരെയായും പ്രതികരിച്ചിട്ടില്ല. പ്രാദേശിക സമയം പുലര്‍ച്ചെ നാല് മണിയോടെയാണ് ആക്രമണമുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ക്രെംലിനിൽ നിന്ന് 5 കിലോമീറ്ററിൽ താഴെയുള്ള മോസ്കോയിലെ നിരവധി സർക്കാർ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ക്രാസ്നോപ്രെസ്നെൻസ്കായ എംബാങ്ക്മെന്‍റിലെ ഒരു നോൺ റെസിഡൻഷ്യൽ കെട്ടിടത്തിലാണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ആളപായത്തെക്കുറിച്ച് ഇതുവരെയായും റിപ്പോര്‍ട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല. ആക്രമണത്തിന് പിന്നാലെ ശക്തമായ സ്ഫോടന ശബ്ദമുണ്ടായതായി ഒരു പ്രദേശവാസി പറഞ്ഞായി റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് പിന്നാലെ മോസ്കോയിലെ വ്നുക്കോവോ വിമാനത്താവളം അടച്ചു, അല്പ സമയത്തിന് ശേഷം വീണ്ടും തുറന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
യുദ്ധം ആരംഭിച്ച് ഏതാണ്ട് ഒരു വര്‍ഷം വരെ യുക്രൈന്‍, മോസ്കോ നഗരത്തെ ആക്രമിച്ചിരുന്നില്ല. എന്നാല്‍, ഈ വര്‍ഷം തുടക്കത്തില്‍ തന്നെ മോസ്കോ നഗരത്തില്‍ വിവിധ പ്രദേശങ്ങളില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ മെയ്. ജൂലൈ മാസങ്ങളില്‍ മോസ്കോയില്‍ നിരവധി ഡ്രോണ്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പിന്നാലെ യുദ്ധം “റഷ്യയുടെ പ്രദേശത്തേക്ക് മടങ്ങുകയാണ്” എന്ന് യുക്രൈന്‍ പ്രസിഡന്‍റിന്‍റെ പ്രസ്താവനയും പുറത്ത് വന്നു. കരിങ്കടലില്‍ റഷ്യന്‍ നാവിക സേനയ്ക്ക് നേരെ നടന്ന ആക്രമണത്തില്‍ യുക്രൈന്‍റെ ഡ്രോണ്‍ തകര്‍ത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ച് മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴാണ് മോസ്കോയില്‍ ആക്രമണം നടന്നത്.