മാവൂര്‍: ചിങ്ങമായിട്ടും മഴ കനിയാത്തതോടെ ദുരിതത്തിലായി ഓണ പ്രതീക്ഷയില്‍ കൃഷിയിറക്കിയ കര്‍ഷകര്‍. ഉണങ്ങിത്തുടങ്ങിയ മണ്ണ് ഉഴുതുമറിക്കാനാവാത്തത് കൊണ്ട് കോഴിക്കോട് മാവൂരിലെ നെല്‍കര്‍ഷകര്‍ മുളപ്പിച്ച ഞാറ് ഉണങ്ങിത്തുടങ്ങിയ സ്ഥിതിയാണ്. മഴ പെയ്യുന്നത് വരെ പിടിച്ചുനില്‍ക്കാന്‍ പാടത്ത് വെള്ളം പമ്പ് ചെയ്യുകയാണ് കര്‍ഷകര്‍. സാധാരണ ഞാറു പറിച്ചുനടുന്ന ചിങ്ങമാസത്തില്‍ പാടത്ത് കെട്ടിക്കിടക്കുന്ന വെള്ളം പുറത്തേക്ക് പമ്പ് ചെയ്യാറാണ് കര്‍ഷകരുടെ പതിവ്. ഇത്തവണയിവര്‍ക്ക് മഴ കിട്ടിയിട്ട് 23 ദിവസമായി. ഉണങ്ങിത്തുടങ്ങിയ പാടത്ത് എത്ര പമ്പ് ചെയ്തിട്ടും വെള്ളം നില്‍ക്കുന്നുമില്ല. ചെളിയായി ഉഴുതുമറിക്കാതെ എങ്ങനെ ഞാറു നടുമെന്നാണ് കര്‍ഷകനായ രമേശന്‍ ചോദിക്കുന്നത്.
രണ്ടാഴ്ചയായി മുളപ്പിച്ച വിത്തുകള്‍ പറിച്ചുനടാത്തത് കൊണ്ട് ഉണങ്ങിത്തുടങ്ങി. ഇതോടൊപ്പം ഉണങ്ങുന്നത് കര്‍ഷകരുടെ പ്രതീക്ഷകളുമാണ്. കഴിഞ്ഞ തവണ വാഴക്കൃഷിയില്‍ വന്ന നഷ്ടം തീര്‍ക്കാനാണ് പ്രഭാകരന്‍ പച്ചക്കറിയില്‍ പ്രതീക്ഷ വെച്ചത്. വെള്ളമില്ലാത്തത് കൊണ്ട് മുരടിച്ച് നില്‍ക്കുന്ന കയ്പക്ക മുതല്‍ കൃഷിയിറക്കിയതൊന്നും ഇനി വിപണിയിലെത്തിക്കാനാവില്ലെന്നും പ്രഭാകരന്‍ പറയുന്നു.