ഷിംല : രാവിലെ എഴുന്നേറ്റ് ജനൽ തുറന്നാൽ മഞ്ഞാണ് കണ്മുന്നിൽ. കെട്ടിടങ്ങളും റോഡും എന്നുവേണ്ട പ്രകൃതി മൊത്തം വെളുത്തനിറം പുതച്ചുകിടക്കുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി ഇതാണ് ഹിമാചൽ പ്രദേശിലെ ഷിംലയിലെ അവസ്ഥ. ഈ മാസം 25 വരെ ഹിമാചൽ പ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്.
മനോഹരമായ കാഴ്ചകൾക്കാണ് ഈ കാലാവസ്ഥ വഴിവെച്ചത്. മഞ്ഞ് പൊതിഞ്ഞ മരങ്ങൾ മുതൽ റെയിൽവേ സ്റ്റേഷനുകൾ വരെയുള്ള കാഴ്ചകൾ ഓരോരുത്തരിലും കൗതുകം ജനിപ്പിക്കുകയാണ്. മഞ്ഞിന്റെ കാഴ്ചകൾ കാണാൻ സ്വിറ്റ്സർലൻഡ് വരെ പോവുകയൊന്നും വേണ്ട എന്നാണ് മഞ്ഞുനിറഞ്ഞ ട്രാക്കിലൂടെ നീങ്ങുന്ന തീവണ്ടിയുടെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ട് ബി.ജെ.പി നേതാവ് മഞ്ജീന്ദർ സിങ് പറഞ്ഞത്.
മഞ്ഞിൽ കുളിച്ചുനിൽക്കുന്ന ഷിംല റെയിൽവേ സ്റ്റേഷന്റെ ചിത്രങ്ങൾ പിമാചൽ പ്രദേശ് ട്രാഫിക്, ടൂറിസ്റ്റ് ആൻഡ് റെയിൽവേ പോലീസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. മഞ്ഞുമൂടിയ മനോഹരമായ ഷിംല റെയിൽവേ സ്റ്റേഷൻ എന്നാണ് അവർ തലവാചകമായി കുറിച്ചിരിക്കുന്നത്. ഹിമാചൽ പ്രദേശ് പ്ലാനിങ് ബോർഡ് അംഗവും അഭിഭാഷകയുമായ പ്രജ്വാൾ ബസ്റ്റയും മഞ്ഞുവീഴ്ചയുടെ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഞായറാഴ്ച ഈ കാഴ്ചയിലേക്കാണ് എഴുന്നേറ്റത് എന്നാണ് അവർ വീഡിയോക്കൊപ്പം എഴുതിയത്.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച്, ജനുവരി 25 വരെ ഷിംലയിൽ മഞ്ഞുവീഴ്ചയ്ക്കും മഴയ്ക്കും സാധ്യതയുണ്ട്. കൂടാതെ, ജമ്മു കശ്മീരിലും ഉത്തരാഖണ്ഡിലും കനത്ത മഴയോ മഞ്ഞുവീഴ്ചയോ പ്രവചിക്കപ്പെട്ടിട്ടുണ്ട്. ജനുവരി 24 വരെ ഹിമാചൽ പ്രദേശിൽ മോശം കാലാവസ്ഥയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഐഎംഡി നേരത്തെ വ്യക്തമാക്കിയിരുന്നു.