ലഡാക്ക്∙ ഇന്ത്യയുടെ ഭൂമിയിലേക്ക് ചൈന നടത്തുന്ന കടന്നുകയറ്റം തുടരുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദങ്ങൾ തെറ്റാണെന്ന് രാഹുൽ ആരോപിച്ചു. അതിർത്തിയിലെ ജനങ്ങൾ ഭയപ്പാടിലാണെന്നും രാഹുൽ ഗാന്ധി വിശദീകരിച്ചു.‘‘ഇന്ത്യയുടെ ഒരിഞ്ചു ഭൂമി പോലും നഷ്ടമായില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെടുമ്പോഴും, ചൈന കടന്നുകയറ്റം തുടരുകയാണ്. സർക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരം കാര്യങ്ങളിൽ നടപടികളുണ്ടാകുന്നില്ല. ചൈനീസ് സൈന്യം ഇന്ത്യൻ ഭൂമിയിലാണ്. അതിനാൽ അതിർത്തിയിലെ ജനങ്ങൾ ഭയപ്പാടിലാണ്. ചൈന ഇപ്പോഴും കടന്നുകയറുകയാണെന്നാണ് അവർ പറയുന്നത്’ – രാഹുൽ ഗാന്ധി പറഞ്ഞു.കേന്ദ്രഭരണ പ്രദേശമാക്കിയതിനു ശേഷം ലഡാക്കിലെ ആളുകൾ ഒട്ടും സന്തുഷ്‌ടരല്ല. തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ വളരെ രൂക്ഷമായി ജനങ്ങൾ അനുഭവിക്കുകയാണ്. അവർക്ക് നിരവധി പരാതികളുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ലഡാക്കിലെ പാംഗോങ്ങിലാണ് രാഹുൽ ഗാന്ധിയുള്ളത്. രാജീവ് ഗാന്ധിയുടെ ജന്മദിനമായ ഞായറാഴ്ച പാംഗോങ്ങില്‍, രാഹുൽ പ്രത്യേക പൂജയും പുഷ്‌പാർച്ചനയും നടത്തി.
അതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി കൂടിക്കാഴ്ചകൾ നടത്തുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. ബ്രിക്സ് ഉച്ചകോടിയിലെ കൂടിക്കാഴ്‌ചയിൽ അതിർത്തി തർക്കം സംബന്ധിച്ചാകും ചർച്ചയെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ.