കുറ്റിപ്പുറം : യുട്യൂബ് ചാനലിൽ പാട്ട് പാടിപ്പിക്കാനായി കൂട്ടിക്കൊണ്ടുപോയ 12കാരനെ പൊതുപ്രവർത്തകൻ ഉൾപ്പെടെയുള്ളവർ പീഡനത്തിനിരയാക്കിയത് 20-ലേറേ തവണ. പൊതുപ്രവർത്തകനായ പാറമ്മൽ ഉസാമ(47) പട്ടിക്കാട് വെള്ളമേൽ തിരുത്തായംപുറത്ത് ഉമ്മർ (55), ചോലക്കാടൻ ഉമ്മർ (36) എന്നിവരാണ് പ്രായപൂർത്തിയാകാത്ത കുട്ടിയെ പലതവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്. പ്രതികളായ മൂന്നുപേരെയും കഴിഞ്ഞദിവസം കുറ്റിപ്പുറം ഇൻസ്പെക്ടർ ശശീന്ദ്രൻ മേലയിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
പോക്സോ നിയമപ്രകാരമാണ് ഇവർക്കെതിരേ കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാവ് കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണ് മാസങ്ങളായി തുടരുന്ന പീഡനം പുറത്തറിഞ്ഞത്. വിശദമായി ചോദിച്ചപ്പോൾ കുട്ടി തന്നെ എല്ലാം വെളിപ്പെടുത്തുകയായിരുന്നു.
പ്രതികളിലൊരാളായ ചോലക്കാടൻ ഉമ്മർ ഒരു യൂട്യൂബ് ചാനൽ നടത്തുന്നുണ്ട്. ഈ ചാനലിൽ പാട്ട് പാടാൻ അവസരം നൽകാമെന്ന് പറഞ്ഞാണ് പ്രതികൾ കുട്ടിയുടെയും കുടുംബത്തിന്റെയും വിശ്വാസം നേടിയെടുത്തത്. പിന്നീട് കുട്ടിയെ വീട്ടിൽ നിന്ന് പലയിടങ്ങളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
യൂട്യൂബ് വീഡിയോ ചിത്രീകരിക്കാനും പാട്ട് പാടിപ്പിക്കാനെന്നും പറഞ്ഞാണ് കുട്ടിയെ വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയിരുന്നത്. കുടുംബത്തിന്റെ വിശ്വാസം നേടിയെടുത്തതിനാൽ പലപ്പോഴും കുട്ടിയെ തനിച്ചാണ് കൊണ്ടുപോയത്. എന്നാൽ വീഡിയോ ചിത്രീകരണത്തിന്റെ പേരിൽ കുട്ടിയെ ക്രൂരമായ ലൈംഗികപീഡനത്തിനിരയാക്കുകയായിരുന്നു.
കുറ്റിപ്പുറത്ത് ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള പാലത്തിന് താഴെവെച്ചും പെരിന്തൽമണ്ണയിൽവെച്ചും പ്രതികൾ കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. വേങ്ങൂരിലെ തയ്യൽക്കടയിൽവെച്ചും ഒരു റബർ തോട്ടത്തിൽവെച്ചും കുട്ടിയെ ഉപദ്രവിച്ചിരുന്നു. സംഭവം പുറത്തുപറയാതിരിക്കാൻ പ്രതികൾ കുട്ടിക്ക് മൊബൈൽഫോണും പണവും നൽകിയിരുന്നു. അറസ്റ്റിലായ ഉസാമ നാട്ടിലെ അറിയപ്പെടുന്ന പൊതുപ്രവർത്തകനാണ്. ചോലക്കാടൻ ഉമ്മറാണ് യൂട്യൂബ് ചാനൽ നടത്തുന്നത്.