ദുബായ് : ഇന്ത്യന്‍ ഓപ്പണര്‍ സ്‌മൃതി മന്ഥാന ഐസിസിയുടെ 2021ലെ മികച്ച വനിതാ ക്രിക്കറ്റര്‍. കഴിഞ്ഞ വര്‍ഷം 22 രാജ്യാന്തര മത്സരങ്ങളില്‍ 38.86 ശരാശരിയില്‍ ഒരു സെഞ്ചുറിയും അഞ്ച് അര്‍ധ സെഞ്ചുറിയും ഉള്‍പ്പടെ 855 റണ്‍സ് നേടിയതാണ് മന്ഥാനയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ തുടങ്ങിയ മുന്‍നിര ടീമുകള്‍ക്കെതിരെ മന്ഥാന മികച്ച പ്രകടനം പുറത്തെടുത്തിയിരുന്നു. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്‍റെ ചരിത്രത്തിലെ ആദ്യ പിങ്ക് ബോള്‍ ടെസ്റ്റില്‍ കരിയറിലെ കന്നി ടെസ്റ്റ് സെഞ്ചുറിയുമായി സ്‌മൃതി മന്ഥാന കളംനിറഞ്ഞിരുന്നു. മന്ഥന തിളങ്ങിയപ്പോള്‍ മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. മത്സരത്തില്‍ ഇന്ത്യ സമനില നേടുകയും ചെയ്തു.
പുരുഷന്‍മാരില്‍ പാകിസ്ഥാന്‍ യുവ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയാണ് 2021ലെ മികച്ച ക്രിക്കറ്റര്‍. ഇക്കഴിഞ്ഞ വര്‍ഷം 36 രാജ്യാന്തര മത്സരങ്ങളില്‍ 22.20 ശരാശരിയില്‍ 78 വിക്കറ്റ് ഷഹീന്‍ സ്വന്തമാക്കി. 51 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം. ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍ സെമിയില്‍ എത്തിയപ്പോള്‍ ആറ് മത്സരങ്ങളില്‍ ഏഴ് വിക്കറ്റ് നേടി. കഴിഞ്ഞ വര്‍ഷം ടി20 ഫോര്‍മാറ്റില്‍ 21 മത്സരങ്ങളില്‍ 23 വിക്കറ്റാണ് സമ്പാദ്യം. ടെസ്റ്റില്‍ ഒന്‍പത് മത്സരങ്ങളില്‍ 17.06 ശരാശരിയില്‍ 47 വിക്കറ്റ് നേടി.