അമ്പലപ്പുഴ: മഫ്തിയിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ മർദിച്ച സംഭത്തിൽ ഒരു പൊലീസുകാരനെതിരെ അമ്പലപ്പുഴ പൊലീസ് കേസെടുത്തു. അമ്പലപ്പുഴ വടക്ക് എട്ടാം വാര്‍ഡിൽ തുരുത്തിച്ചിറ വീട്ടിൽ എബിനെതിരെയാണ് (35) പൊലീസ് കേസെടുത്തത്. ആലപ്പുഴ സൗത്തിലെ കോണ്‍സ്റ്റബിളായ എബിൻ വള്ളംകളി തുഴച്ചിലുകാരനാണ്. ഒളിവിലായ എബിനുവേണ്ടി പൊലീസ് അന്വഷണം നടത്തിവരുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് കഞ്ഞിപ്പാടം നാരകത്തറ വീട്ടിൽ അഖിൽ ബാബു (32), ചെറുവള്ളിത്തറ വീട്ടിൽ അനീഷ് (35) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പത്തോളം പേരാണ് പ്രതിപ്പട്ടികയിലുള്ളത്. വെള്ളിയാഴ്ച രാത്രി കഞ്ഞിപ്പാടം-വൈശ്യംഭാഗം പാലത്തിന് താഴെയായിരുന്നു സംഭവം. ഇവിടെ മദ്യ, മയക്കുമരുന്നു സംഘം സ്ഥിരമായി തമ്പടിക്കുന്നു എന്ന വിവരത്തെ തുടർന്ന് പരിശോധനക്കെത്തിയപ്പോഴായിരുന്നു സംഘത്തിന് നേരെ ആക്രമണം നടത്തിയത്.
കുട്ടനാട് എക്സൈസ് സർക്കിൾ ഓഫിസിലെ സി.ഐ എ.ആർ. കൃഷ്ണകുമാർ, സിവിൽ എക്സൈസ് ഓഫിസർ ജി.ആർ. ശ്രീരണദിവെ, പ്രിവന്റിവ് ഓഫിസർ എച്ച്. നാസർ എന്നിവരെയാണ് സംഘം ആക്രമിച്ചത്. ഇതില്‍ ജി.ആർ. ശ്രീരണദിവെയുടെ മൂക്കിന് സാരമായ പരിക്കുണ്ട്. സി.ഐ എ.ആർ. കൃഷ്ണകുമാർ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എബിനെതിരെ കേസെടുത്തത്.